പുനർനിർമിച്ച 800 റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

അടിസ്ഥാന വികസനവും ക്ഷേമ പ്രവർത്തനങ്ങളും പുരോഗതിക്ക് അത്യാവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ്‌ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇത് കാര്യക്ഷമമായി കേരളത്തിൽ നടക്കുന്നുണ്ട്. സംസ്ഥാനത്ത് ഗ്രാമീണ റോഡ് മുതൽ ദേശീയ-തീരദേശ -മലയോര പാത ഉൾപ്പെടെ വിപുലമായ റോഡ് നെറ്റ്‌വർക്ക് വികസനമാണ് നടക്കുന്നത്. അതോടൊപ്പം ക്ഷേമപ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 2018 – 19 വർഷങ്ങളിൽ പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി ആവിഷ്കരിച്ച മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിച്ച 800 റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് മെറ്റത്ത്പടി – ഇട്ടോണം റോഡിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് റോഡുകൾ. മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ 5000 തദ്ദേശ റോഡുകളുടെ പുനർനിർമ്മാണം പൂർത്തീകരിച്ചു. മലയോര തീരദേശ ദേശീയപാത നിർമ്മാണങ്ങളും അതിവേഗം നടക്കുകയാണ്. ദേശീയപാത വികസനത്തിന് 5000 കോടി രൂപയാണ് സർക്കാർ നൽകിയത്. ഇതോടെ ഒരിക്കലും പൂർത്തിയാവില്ലെന്ന് കരുതിയ ദേശീയപാതയാണ് യാഥാർത്ഥ്യമാകുന്നത്. 45 മീറ്റർ വീതിയിൽ ദേശീയപാത വരുന്നതോടെ മലബാർ മേഖലയുടെ മുഖച്ഛായ മാറുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പ്രാദേശിക തദ്ദേശ റോഡുകളും ഇത്തരത്തിൽ വികസിപ്പിക്കണം. ഗതാഗത സൗകര്യം കൂട്ടുന്ന വാട്ടർ മെട്രോയുടെ തുടക്കം രാജ്യത്തിന് മാതൃകയാണ്. വടക്ക് – തെക്ക് ജലപാത ഉടൻ യാഥാർത്ഥ്യമാവുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് അതിദരിദ്രർ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. രാജ്യ ശരാശരി അപേക്ഷിച്ച് ഒരു ശതമാനത്തിൽ താഴെയാണ് സംസ്ഥാനത്തെ കണക്ക്. ഇവരെ മുന്നോട്ടു കൊണ്ടുവരാനുള്ള ഒന്നാംഘട്ട ശ്രമങ്ങൾ സർക്കാർ പൂർത്തിയാക്കി കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധികളെ സർക്കാർ മറികടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മികച്ച റോഡുകൾ ഉണ്ടാകുന്നതോടൊപ്പം അത് വൃത്തിയായി സൂക്ഷിക്കുകയും വേണം. റോഡിൽ മാലിന്യം തള്ളുന്നവർക്കെതിരെ ഉൾപ്പെടെ കർശനമായ നടപടികളെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ശിക്ഷ പേടിച്ച് മാത്രം മാലിന്യം തള്ളുന്ന രീതി മാറുന്നതിന് പകരം റോഡിൽ മാലിന്യം തള്ളില്ല എന്നത് സംസ്കാരമായി മാറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരിപാടിയിൽ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ടി.എസ് ഷെറീന, എം. ശ്രീലത, രാധിക രതീഷ്, വി.ആര്‍ രേഷ്മ, സുരേഷ് ബാബു, സി.എം മനോമോഹൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ ഡയറക്ടർ കെ.പി വേലായുധൻ, തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ കെ.ജി സന്ദീപ്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.