ചാവക്കാട് നഗരസഭ പരപ്പിൽത്താഴം ട്രഞ്ചിംഗ് ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ (എംസിഎഫ്) വിപുലീകരിച്ച കെട്ടിടം ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് നാടിന് സമർപ്പിച്ചു. വ്യക്തിശുചിത്വമെന്ന പോലെ സാമൂഹ്യ ശുചിത്വത്തിലേക്കും കേരളം ഉയരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണം ജീവിതത്തിന്റെ ഭാഗമായി ഏറ്റെടുക്കണം. വരുംതലമുറയ്ക്ക് സംസ്കാരത്തോടൊപ്പം നല്ല പ്രകൃതിയേയും സമ്മാനിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജൈവ മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ സർക്കാരിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ചീഫ് വിപ്പ് പറഞ്ഞു.
നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ഷാഹിന സലിം, പ്രസന്ന രണദിവെ, പി എസ് അബ്ദുൽ റഷീദ്, ബുഷറ ലത്തീഫ്, എ വി മുഹമ്മദ് അൻവർ, കൗൺസിലർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, നഗരസഭാംഗങ്ങൾ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മുനിസിപ്പൽ എഞ്ചിനീയർ പി പി റിഷ്മ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ കെ കെ മുബാറക് സ്വാഗതവും നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥൻ നന്ദിയും പറഞ്ഞു.
ചാവക്കാട് നഗരസഭയിൽ ഹരിതകർമ്മസേന മുഖേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യം ശേഖരിച്ച് പരപ്പിൽത്താഴത്ത് പ്രവർത്തിച്ച് വരുന്ന എംസിഎഫിൽ എത്തിച്ച് റീസൈക്കിൾ ചെയ്യാവുന്നവയും അല്ലാത്തവയും വേർതിരിച്ച് സർക്കാർ അംഗീകൃത സ്ഥാപനമായ ക്ലീൻ കേരള ലിമിറ്റഡിന് കൈമാറുന്നു. ഏപ്രിൽ മാസത്തിൽ 16 ടൺ മാലിന്യമാണ് ക്ലീൻ കേരളയ്ക്ക് കൈമാറിയത്. മാലിന്യങ്ങൾ ശേഖരിക്കുന്ന സ്ഥലങ്ങളിൽ ക്യൂ ആർ കോഡ് പതിപ്പിച്ച് മാലിന്യശേഖരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് പദ്ധതി നഗരസഭ നടപ്പിലാക്കിയിട്ടുണ്ട്.
ഇതിലൂടെ നഗരസഭാ പരിധിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന മുഴുവൻ അജൈവ മാലിന്യവും ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന വലിയ അളവിലുള്ള അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 85 ലക്ഷം രൂപ ചെലവഴിച്ചാണ് 6434 ച. അടി വിസ്തൃതിയിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ (എംസിഎഫ്) വിപുലീകരിച്ചിരിക്കുന്നത്.