കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദിയോടനുബന്ധിച്ച് മദ്ധ്യ മേഖലാ ജില്ലകൾ കേന്ദ്രീകരിച്ചുള്ള പരിപാടി തൃശ്ശൂർ സംഗീത നാടക അക്കാദമിയിലെ റീജിയണൽ തിയേറ്ററിൽ വെച്ച് നടന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും തൃശ്ശൂരിന്റെ സാംസ്കാരിക രാഷ്ട്രീയ പ്രാധാന്യത്തോട് ചേർന്നു നിൽക്കുന്ന വിധം സവിശേഷമായ രീതിയിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ സവിശേഷതകളിലൊന്ന് ഭാഷയാണെന്നും ഭാഷാപഠനത്തെക്കുറിച്ചും മാതൃഭാഷാ പ്രോത്സാഹനത്തെ കുറിച്ചും ചർച്ചകൾ അവസാനിച്ചിട്ടില്ല. കുട്ടിക്ക് ഏറ്റവും നന്നായി മനസ്സിലാകുന്നത് ഏതു ഭാഷയിൽ പഠിപ്പിച്ചാലാണോ, ആ ഭാഷയിൽ വേണം കുട്ടിയെ പഠിപ്പിക്കാൻ. ഏതു ലളിത വിഷയം പഠിക്കുമ്പോഴും തനിക്കും വിഷയത്തിനും ഇടയ്ക്ക് വിഷയത്തിൽ നിന്ന് ഭിന്നമായി ഭാഷ എന്നൊരു തിരശ്ശീല വീണു കിടപ്പുണ്ടെന്ന് കുട്ടിക്ക് തോന്നരുതെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

ജനാധിപത്യത്തിന്റെ വികാസത്തോടൊപ്പം സഞ്ചരിക്കുന്ന ഒരു ചരിത്ര പശ്ചാത്തലം നിയമസഭാ ലൈബ്രറിയ്ക്കുണ്ട്. സഭാ രേഖകൾ, ചരിത്ര രേഖകൾ, പൊതുവിജ്ഞാനം, സർഗ്ഗാത്മക രചനകൾ, വിവിധ വിഷയങ്ങളിലെ ആധികാരിക ഗ്രന്ഥങ്ങൾ എന്നിങ്ങനെ വിപുലമായ ശേഖരമാണ് ലൈബ്രറിയുടേത്. അറിവുള്ള സാമാജികരാണ് അർത്ഥവത്തായ ഒരു സഭയെയും ജനാധിപത്യ സംവിധാനത്തെയും രൂപപ്പെടുത്തുന്നത്. അത്തരം സാമാജികരെ രൂപപ്പെടുത്തുന്നതിൽ നമ്മുടെ ലൈബ്രറിയുടെ ഒരു നൂറ്റാണ്ടിന്റെ പ്രവർത്തനം സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

വിവരസാങ്കേതികവിദ്യ ലോകത്തിന്റെ സാങ്കേതിക വിദ്യയായി മാറിയ കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇന്റർനെറ്റ് നിത്യജീവിതത്തിന്റെ ഭാഗമായ അതിൽ ജീവിക്കുന്ന ഒരു തലമുറയ്ക്കുവേണ്ടിയാണ് നമ്മൾ സംവിധാനങ്ങൾ ഒരുക്കേണ്ടത്. അത്തരത്തിൽ ഇ – നിയമസഭാ പദ്ധതി രൂപപ്പെടുത്തി വരുന്നത് സഭയെ കൂടുതൽ ഫലപ്രദമായി സമൂഹത്തിലേക്കും സമൂഹത്തെ കൂടുതൽ ഫലപ്രദമായി ജനാധിപത്യ സ്ഥാപനങ്ങളിലേക്കും സംവിധാനങ്ങളിലേക്കും എത്തിക്കാൻ കഴിയണമെന്നും ഡെപ്യൂട്ടി സ്പീക്കർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ ലൈബ്രറി ഉപദേശക സമിതി ചെയർമാൻ തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. ലൈബ്രറി ഉപദേശക സമിതി അംഗങ്ങളായ പി ബാലചന്ദ്രൻ എംഎൽഎ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ , എംഎൽഎമാരായ എ സി മൊയ്തീൻ, സി സി മുകുന്ദൻ, ഡെപ്യൂട്ടി മേയർ എം എൽ റോസി, തൃശ്ശൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ ഹാരിഫാബി എന്നിവർ ചടങ്ങിൽ സംസാരിച്ചു. കേരള നിയമസഭാ സെക്രട്ടറി എ എം ബഷീർ സ്വാഗതവും തൃശ്ശൂർ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളി പെരുനെല്ലി എംഎൽഎ നന്ദിയും പറഞ്ഞു.

ചടങ്ങിൽ തൃശൂർ ജില്ലയിലെ മുൻ നിയമസഭാ സാമാജികരെയും സാഹിത്യകാരൻ സച്ചിദാനന്ദനെയും നിയമസഭ ആദരിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ “കേരളം നവോത്ഥാനവും ശേഷവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം, കോട്ടയം എന്നീ മദ്ധ്യമേഖല ജില്ലകൾ കേന്ദ്രീകരിച്ചാണ് തൃശ്ശൂർ സംഗീത നാടക അക്കാദമി റീജിയണയിൽ തിയേറ്ററിൽ പരിപാടി സംഘടിപ്പിച്ചത്. മുമ്പ് നിയമസഭാ ലൈബ്രറിയുടെ ആദ്യ രൂപം തുടങ്ങിയെങ്കിലും അമൂല്യങ്ങളായ വിവര ശേഖരണം ഉൾപ്പെട്ട ഗ്രന്ഥാലയ സംവിധാനം “ലെജിസ്ലേറ്റീവ് ലൈബ്രറി” എന്ന പേരിൽ 1921 ലാണ് ലൈബ്രറി ആരംഭിച്ചത്. നിയമസഭയുടെ വികാസപരിണാമത്തോടൊപ്പവും കേരള ചരിത്ര സാക്ഷ്യങ്ങളോടൊപ്പം വളർന്ന ഈ ഗ്രന്ഥാലയം 2021 – ൽ 100 വർഷം പിന്നിട്ടു. ഒരു നൂറ്റാണ്ടു കാലം കൊണ്ട് നിയമസഭാ ലൈബ്രറിയുടെ പങ്ക് ഏറെ ശ്രദ്ധേയമാണ്. ശതാബ്ദി വർഷത്തിൽ ലൈബ്രറി വിജ്ഞാന സ്രോതസ്സുകൾ സമന്വയിപ്പിച്ച് വിവിധ ആഘോഷ പരിപാടികളാണ് നിയമസഭാ ലൈബ്രറി സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്നത്.

പരിപാടിയോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറി. നിയമസഭാ ലൈബ്രറി ചീഫ് ലൈബ്രേറിയൻ എ എസ് ലൈല പരിപാടികൾക്ക് നന്ദി പറഞ്ഞു.