ജല മലിനീകരണം തടഞ്ഞ് ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന്റെയും സുരക്ഷിതമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി ബത്തേരി നഗരസഭ പരിധിയിലെ ശൗചാലയ മാലിന്യങ്ങള്‍ നഗരസഭ ശേഖരിക്കും. കുറഞ്ഞ നിരക്കില്‍ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന പദ്ധതിക്കാണ് നഗരസഭ തുടക്കമിട്ടത്. ഇത്തരത്തില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ലോഡൊന്നിന് പതിനായിരം രൂപ നഗരസഭക്ക് നല്‍കണം. സ്വകാര്യ കമ്പനികള്‍ ഗാര്‍ഹിക വാണിജ്യസ്ഥാപനങ്ങളില്‍ നിന്നും കക്കൂസ് മാലിന്യങ്ങല്‍ ശേഖരിക്കുന്നതിന് ലോഡൊന്നിന് കാല്‍ ലക്ഷത്തോളം രൂപ ഈടാക്കുന്ന സാഹചര്യത്തിലാണ് നഗരസഭ നൂതന പദ്ധതി ആവിഷ്‌ക്കരിച്ചത്.

നഗരസഭാ പരിതിയിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യം ജല മലിനീകരികരണത്തിന് ഇടയാകുന്ന സാഹചര്യം ഇതോടെ ഒഴിവാകും. ചുരുങ്ങിയ ചിലവിലെ മാലിന്യ സംസ്‌ക്കരണം വൃത്തിയുള്ള നഗരസഭ എന്ന വിലാസമുള്ള ബത്തേരിക്ക് നേട്ടമാകും. ശേഖരിച്ച മാലിന്യങ്ങള്‍ കല്‍പ്പറ്റയിലെ ഫീക്കല്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ സംസ്‌കരിക്കുന്നതിനുള്ള ധാരണയായി. പൊട്ടിപ്പൊളിഞ്ഞ കക്കൂസ് കുഴികളില്‍ നിന്നും കക്കൂസ് മാലിന്യം ജലസ്രോതസ്സുകളിലേക്ക് കലരാതിരിക്കുന്നതിനായി വെള്ളക്കെട്ട് പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകള്‍ നഗരസഭാ വിതരണം ചെയ്യുന്നുണ്ട്.

നഗരസഭയുടെ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ ഗാര്‍ഹിക വാണിജ്യ കെട്ടിട സ്ഥാപന ഉടമകള്‍ പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് പറഞ്ഞു. ജല മാലിനീകരണ സാധ്യതയുള്ള പ്രദേശങ്ങളിലെ ടാങ്കുകളിലെ മാലിന്യങ്ങള്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായും നീക്കം ചെയ്താല്‍ മാത്രമേ ജലമലിനീകരണം തടയുവാന്‍ കഴിയുകയുള്ളൂ എന്ന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ കെ.എം. സജി പറഞ്ഞു. മാലിന്യം നീക്കം ചെയ്യേണ്ടവര്‍ക്ക് 04936 220240 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാം.