തൃപ്പൂണിത്തുറ നഗരസഭ 2023 – 24 വാർഷിക ബഡ്ജറ്റ് വിഭാവനം ചെയ്ത സ്റ്റുഡൻസ് മാർക്കറ്റ് ആരംഭിച്ചു. സ്കൂൾ തുറക്കുന്ന സമയത്ത് വിദ്യാർഥികളും രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന വിലക്കയറ്റത്തിന്റെ ഭീഷണി അതിജീവിക്കുന്നതിന് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന നിലയിൽ കുറഞ്ഞ നിരക്കിൽ പഠന സാമഗ്രികളുടെ വിപണന മേളയ്ക്കാണ് തുടക്കമായത്.
ബാഗ്, ബുക്ക്, കുട, ഇൻസ്ട്രുമെന്റ്സ് ബോക്സ്, റെയിൻ കോട്ട്, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ തുടങ്ങിയ എല്ലാ പഠന സാമഗ്രികളും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലാണ് വിൽക്കുന്നത്. കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന സ്റ്റുഡൻസ് മാർക്കറ്റ് മെയ് 5 വരെ രാവിലെ 10 മുതൽ വൈകിട്ട് 8 വരെ തൃപ്പൂണിത്തുറ പ്രിയദർശിനി ലായം കൂത്തമ്പലത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സ്റ്റുഡൻസ് മാർക്കറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ പി എം ഇസ്മയിൽ ആദ്യ വില്പന നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ യു കെ പീതാംബരൻ, ജയ പരമേശ്വരൻ, സി എ ബെന്നി, ദീപ്തി സുമേഷ്, നഗരസഭാ സെക്രട്ടറി എം സുഗതകുമാർ, കൗൺസിലർ കെ ടി അഖിൽദാസ്, ദുർഗ മേനോൻ, കൺസ്യൂമർഫെഡ് റീജണൽ മാനേജർ അനിൽ പി സക്കറിയ എന്നിവർ സംസാരിച്ചു.