സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് ഒമ്പത് മുതല്‍ 15 വരെ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ഥം ജില്ലയില്‍ നടത്തുന്ന കലാജാഥ പര്യടനത്തിന് കുന്നംകുളത്തും ഗുരുവായൂരും ഉജ്ജ്വല സ്വീകരണം. കുന്നംകുളം ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ അവതരണത്തിൽ നഗരഭാംഗങ്ങളും യാത്രക്കാരും ഭാഗമായി.
ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നടന്ന സ്വീകരണത്തിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് സ്ഥിരം സമിതി അധ്യക്ഷന്മാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തീർത്ഥാടകരും വഴിയോര യാത്രക്കാരും വൻ സ്വീകരണമാണ് ജാഥയ്ക്ക് നൽകിയത്. ചാവക്കാട് വസന്തം കോർണ്ണറിലെ അവതരണത്തിലും ധാരാളം പേർ പങ്കെടുത്തു.
ഇമ്പമാർന്ന സംഗീത സായാഹ്നം, കുരുന്നുകളുടെ സിനിമാറ്റിക് ഡാൻസ്, വ്യത്യസ്തമായ മിമിക്രി അവതരണവുമെല്ലാം കലാജാഥയുടെ സ്വീകാര്യത വർദ്ധിപ്പിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തിലാണ് കലാജാഥ സംഘടിപ്പിക്കുന്നത്. കൊച്ചിന്‍ കലാഭവന്‍ രാജേഷിന്റെ നേതൃത്വത്തില്‍ രംഗശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാരാണ് കലാപരിപാടികളോടെ ജാഥ നയിക്കുന്നത്. എന്റെ കേരളം മേളയുടെ വിളംബര വീഡിയോകളും കലാജാഥയിൽ പ്രദര്‍ശിപ്പിച്ചു. പാട്ടും അഭിനയവും മിമിക്രിയും ഉള്‍പ്പെടെ വിവിധ പരിപാടികളിലൂടെ എന്റെ കേരളം എക്‌സിബിഷന്റെ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് കലാജാഥയുടെ ലക്ഷ്യം.
എട്ട് ദിവസങ്ങളിലായി ജില്ലയിലെ 13 നിയോജക മണ്ഡലത്തിലും കലാജാഥ പര്യടനം നടത്തും. ഇന്ന് (മെയ് 3ന്) മണലൂര്‍, നാട്ടിക, കയ്പമംഗലം മണ്ഡലങ്ങളിലാണ് പര്യടനം. കലാജാഥ മെയ് 8ന് തൃശൂരില്‍ സമാപിക്കും.
മെയ് 9 മുതൽ 15 വരെ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശനത്തിൽ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസുകൾ, സൗജന്യ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സംരംഭകർക്കായി ബിസിനസ് ടു ബിസിനസ് മീറ്റുകൾ, ഡി പി ആർ ക്ലിനിക്ക്, ദിവസവും കലാപരിപാടികൾ, സന്ദർശകർക്കായി മത്സരങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.