സംസ്ഥാനത്തെ പി ഡബ്യൂ ഡി റോഡുകൾ മികച്ച നിലവാരത്തിലേക്കുയർത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച നാദാപുരം-പുളിക്കൂൽ കുമ്മങ്കോട് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ റോഡുകളാണ് സംസ്ഥാനത്ത് ബി.എം ആന്റ് ബി.സി നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചത്. അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പകുതി റോഡുകളും ബി.എം ആന്റ് ബി.സി ഗുണനിലവാരത്തിലേക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എം.പി വിശിഷ്ടാതിഥിയായിരുന്നു. പൊതുമരാമത്ത് ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ ഇ.ജി വിശ്വപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. നാദാപുരം മുതൽ കുമ്മങ്കോട് വരെ 2.22 കോടി ചെലവിലാണ് റോഡ് നവീകരണം പൂർത്തീകരിച്ചത്. മുട്ടുങ്ങൽ – പക്രംതളം റോഡിനേയും വടകര വില്യാപ്പള്ളി ചേലക്കാട് റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന പാതകൂടിയാണിത്.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ. എ സജീവൻ, സി. എച്ച് നജ്മ ബീവി,നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അബ്ബാസ് കണേക്കൽ, സി ടി കെ സമീറ, സുമയ്യ പാട്ടത്തിൽ, സി.ആർ ആയിഷ ഗഫൂർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി സ്വാഗതവും കോഴിക്കോട് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഹാഷിം വി.കെ നന്ദിയും പറഞ്ഞു.