കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന് ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ജനകീയ പങ്കാളിത്തത്തോടെ സുതാര്യമായ ഗൃഹസന്ദര്‍ശന ധനസമാഹരണം നടത്തുന്നതിനു മുന്നോടിയായി 16ന്‌ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡുകളില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. പൊതുജനങ്ങള്‍ക്കു പുറമേ, ജനപ്രതിനിധികള്‍, യുവജനസംഘടനകള്‍, മതസംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍, അങ്കണവാടി ജീവനക്കാര്‍, എന്‍എസ്എസ്, എന്‍സിസി, എസ്പിസി തുടങ്ങി സമൂഹത്തിലെ എല്ലാവരും ഗ്രാമസഭകളില്‍ പങ്കെടുക്കും. സ്‌ക്വാഡിന്റെ നോഡല്‍ ഓഫീസറായി അതത് പഞ്ചായത്ത് സെക്രട്ടറിമാരെയും സഹായിയായി വില്ലേജ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 17,18 ആണ് ജില്ലയിലെ എല്ലാ വാര്‍ഡുകളിലെയും വീടുകള്‍ സന്ദര്‍ശിച്ചുള്ള ജനകീയ ധനസമാഹരണം. ജില്ലയിലെ ഓരോ വീടും പ്രത്യേക സ്‌ക്വാഡ് സന്ദര്‍ശിച്ച് എല്ലാവരേയും നേരില്‍ കണ്ട് ധനസമാഹരണം നടത്തുന്നുവെന്നതാണ് പ്രധാന സവിശേഷത.
ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, സ്ഥലത്തെ സൊസൈറ്റികളിലെ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍, ക്ലബുകളുടെ അംഗങ്ങള്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അടങ്ങിയ പ്രത്യേക സ്‌ക്വാഡുകള്‍     വീടുകള്‍ തോറും സന്ദര്‍ശിച്ച് ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തും. കഴിയുന്നത്ര ചെക്കോ, ഡ്രാഫ്ടോ ആയാവും സംഭാവന സ്വീകരിക്കുക. ഇതിനു പുറമേ പണമായും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാം. ജില്ലാ കളക്ടര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍ പണം എണ്ണി തിട്ടപ്പെടുത്തി പ്രത്യേക രജിസ്റ്ററില്‍ പണം നല്‍കിയ വ്യക്തിയുടെ ഒപ്പ് രേഖപ്പെടുത്തും. രജിസ്റ്ററിന്റെ ഓരോ പേജിലും വാര്‍ഡ് മെമ്പറും കളക്ടര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥനും ഒപ്പുവയ്ക്കും. സ്വര്‍ണാഭരണങ്ങള്‍, ഭൂമിയുടെ കൈമാറ്റ രേഖ, മറ്റ് ആസ്തികള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ സംഭാവനകളായി ലഭിക്കുന്നതും രജിസ്റ്ററില്‍ രേഖപ്പെടുത്തും.
വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ ധനസമാഹരണത്തിന്റെ വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. സുതാര്യമായായിരിക്കും ധനസമാഹരണം നടത്തുക. സംഭാവന നല്‍കുന്ന ആളിന്റെ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ എല്ലാ വിവരവും കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തും. അതതു ദിവസം സമാഹരിച്ച തുക ബന്ധപ്പെട്ട വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്ന് അന്നു വൈകിട്ടു തന്നെ ചുമതലപ്പെടുത്തിയ ബാങ്ക് അധികൃതര്‍ക്ക് കൈമാറും. ധനസമാഹരണ വിവരം രേഖപ്പെടുത്തുന്നതിന് നല്‍കുന്ന രജിസ്റ്ററിന്റെ ആദ്യ പേജില്‍ കളക്ടറേറ്റില്‍ നിന്നുള്ള സീല്‍ പതിച്ചിരിക്കും. രജിസ്റ്ററിന്റെ മറ്റു പേജുകളില്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന്റെ സീല്‍ പതിച്ചിരിക്കും. കളക്ടറേറ്റില്‍ പ്രത്യേക രജിസ്റ്ററില്‍ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തിയായിരിക്കും വാര്‍ഡ് തലത്തില്‍ ഉപയോഗിക്കുന്നതിനുള്ള രജിസ്റ്ററുകള്‍ നല്‍കുകയെന്നും കളക്ടര്‍ പറഞ്ഞു.
പ്രളയബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ജില്ലയില്‍ 2.38 കോടി രൂപ സമാഹരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, സ്വകാര്യ വ്യക്തികള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവരാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാദിവസവും വന്‍തോതില്‍ സഹായധനം പ്രവഹിക്കുന്നുണ്ട്. ചെക്ക്, ഡിഡി എന്നിവ മുഖേനമാത്രമാണ് സഹായധനം സ്വീകരിക്കുന്നത്.
ജില്ലയിലെ 819 സ്‌കൂളുകളില്‍ നിന്നായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 43.21 ലക്ഷം രൂപ ലഭിച്ചു. എല്‍പി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള 702 സ്‌കൂളുകളില്‍ നിന്നും 30.17 ലക്ഷം രൂപയാണ് ലഭിച്ചത്. ഈ വിഭാഗത്തിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 8.53 ലക്ഷം രൂപയും എയിഡഡ് സ്‌കൂളുകളില്‍ നിന്ന് 17.77 ലക്ഷം രൂപയും അണ്‍എയിഡഡ് സ്‌കൂളുകളില്‍ നിന്ന് 3.85 ലക്ഷം രൂപയുമാണ് ലഭിച്ചത്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/എയിഡഡ് മേഖലയിലുള്ള 92 സ്‌കൂളുകളില്‍ നിന്നായി 7.64 ലക്ഷം രൂപയും അണ്‍എയിഡഡ് മേഖലയിലുള്ള 25 സ്‌കൂളുകളില്‍ നിന്നായി 5.4 ലക്ഷം രൂപയും ലഭിച്ചു.