ചാലിയം ഗവ ഫിഷറീസ് എൽപി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കടലാക്രമണത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവരെയും വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ അധിവസിക്കുന്നവരെയും പുനരധിവസിപ്പിക്കാൻ 2450 കോടി രൂപയുടെ പുനർഗേഹം പദ്ധതി സർക്കാർ നടപ്പിലാക്കിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് മന്ത്രി. ചാലിയം ഗവ. ഫിഷറീസ് എൽപി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തീരദേശ ജനതയെ മുഖ്യധാരയുടെ ഭാഗമാക്കി അവരുടെ ജീവിത നിലവാരം ഉയർത്തിക്കൊണ്ടു വരാൻ കഴിയുന്ന വികസന പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരികയാണ്.

തീരദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുകയും ഹൈടെക് ശ്രേണിയിലേക്ക് ഉയർത്തുകയും ചെയ്യുവാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. 11000 കോടിയോളം രൂപയുടെ വിവിധ പദ്ധതികൾ തീരദേശ വികസനത്തിന് സർക്കാർ നീക്കിവെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.കേരള തീരദേശ വികസന കോർപ്പറേഷൻ മുഖേന 58.93 ലക്ഷം രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കടലുണ്ടി ഗ്രാമപഞ്ചായത്തിലെ ചാലിയം ഗവ ഫിഷറീസ് എൽപി സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചത്.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ വി അധ്യക്ഷത വഹിച്ചു. തീരദേശ വികസന കോർപ്പറേഷൻ റീജിയണൽ മാനേജർ രഞ്ജിനി പി കെ റിപ്പോർട്ട് അവതരിപ്പിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശിവദാസൻ, സ്ഥിരം സമിതി അംഗങ്ങളായ ടി സുഷമ, ബിന്ദു പച്ചാട്ട്, മുരളി മുണ്ടെങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലുബൈന ബഷീർ, ഗ്രാമപഞ്ചായത്ത് മെമ്പർ കെ.വി അബ്ദുൾ ഖാദർ, പി.ടി.എ പ്രസിഡന്റ്‌ നൗഫൽ സി, കെ.എസ്.സി.എ.ഡി.സി ഡയറക്ടർ ബോർഡ് അംഗം ഹാരിസ്, ഫിഷറീസ് സ്കൂൾ എച്ച്.എം ജ്യോതിഷ് കുമാർ കെ.പി എന്നിവർ സംസാരിച്ചു.