കീഴല്ലൂർ പഞ്ചായത്തിലെ ഏഴാം വാർഡിലെ പി കെ കമലാക്ഷിയുടെ ജീവിതത്തിന് ഇനി സുരക്ഷിതത്തിന്റെ തണൽ. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കമലാക്ഷിക്കും കുടുംബത്തിനും വീട് നിർമ്മിച്ച് നൽകാൻ ‘കരുതലും കൈത്താങ്ങും’ തലശ്ശേരി താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ ഉത്തരവിട്ടു. കമലാക്ഷി 2020ലെ ലൈഫ് പാർപ്പിട പദ്ധതിയിലെ ഗുണഭോക്തൃ ലിസ്റ്റിൽ രണ്ടാമതായി ഉൾപ്പെട്ടിരുന്നതാണ്. എന്നാൽ കണ്ണൂർ വിമാനത്താവളത്തിന്റെ എൻ ഒ സി യുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സം കാരണം വീട് വെയ്ക്കാനായില്ല.
ഈ പ്രശ്‌നത്തിനാണ് അദാലത്തിൽ പരിഹാരമായത്. ലൈഫിന്റെ ആദ്യ ഗഡു നൽകാനാണ് ഉത്തരവായത്.
കൈതേരിയിലെ ഇളമ്പേരി ഹൗസിലെ കമലാക്ഷിയും രവീന്ദ്രനും രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ജീവിതം ദുരിതപൂർണമാണ്. ഭിന്നശേഷിക്കാരാണ് മക്കൾ രണ്ടു പേരും. 25കാരിയായ മകൾ സ്‌നേഹ ജന്മനാ കിടപ്പിലാണ്. മകൻ 26കാരൻ വിവേകിന്റെ രണ്ട് കാലുകളും വളഞ്ഞതിനാൽ നടക്കാനും ഏറെ പ്രയാസം. കമലാക്ഷിയുടെ ഭർത്താവ് രവീന്ദ്രനാകട്ടെ അസുഖ ബാധിതനായി കിടപ്പിലും.

ഭർത്താവിന്റെയും മക്കളുടെയും രോഗാവസ്ഥ കാരണം കമലാക്ഷിയ്ക്കും ജോലിക്ക് പോകാനും കഴിയുന്നില്ല. മാസം തോറും മക്കൾക്ക് ലഭിക്കുന്ന, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള 1600 രൂപ പെൻഷനാണ് ഈ കുടുംബത്തിന്റെ ആകെ വരുമാനം. ഇത് കൊണ്ട് വേണം നാല് വയറുകൾ നിറയ്ക്കാൻ. മഴ പെയ്താൽ ചേർന്നൊലിക്കുന്ന, കട്ടിൽ ഇടാൻ പോലും സ്ഥലമില്ലാത്ത കൂരയിലാണ് ഇവരുടെ താമസം. ചോർന്നൊലിക്കുന്ന കൂരയിൽ നിന്നും അടച്ചുറപ്പുള്ള സുരക്ഷിതമായ ലൈഫ് വീട്ടിലേക്ക് താമസം മാറാനാവുമെന്ന പ്രതീക്ഷ ഏറെ സന്തോഷം പകരുന്നുണ്ടെന്ന് കമലാക്ഷി പറഞ്ഞു.