വേങ്ങാട് പഞ്ചായത്ത് 21ാം വാർഡിലെ കളത്തിൽ എം ശാന്തയ്ക്ക് വീട് നിൽക്കുന്ന സ്ഥലം നഷ്ടപ്പെടാതെ അതിര് തിട്ടപ്പെടുത്തി മതിൽ കെട്ടാൻ ഉത്തരവ്. ‘കരുതലും കൈത്താങ്ങും’ തലശ്ശേരി താലൂക്ക് തല അദാലത്തിൽ കൃഷി മന്ത്രി പി പ്രസാദാണ് ഉത്തരവിറക്കിയത്. വീട്ടുപറമ്പിലെ കാർഷിക ഉൽപ്പന്നങ്ങൾ അതിർത്തി വേലി ഇല്ലാത്തതിനാൽ നഷ്ടപ്പെട്ട് പോകുന്നതുകൊണ്ടാണ്  ഈ കുടുംബം അദാലത്തിലെത്തിയത്. 66 വയസ്സുകാരി ശാന്തയും 47 കാരനായ മകൻ ബിജിത്തുമാണ് വീട്ടിലുള്ളത്.

ബിജിത്ത് സെറിബ്രൽ പാൾസി ബാധിതനാണ്.  ശാന്തയ്ക്ക് കിട്ടുന്ന വാർധക്യ പെൻഷനും മകന് ലഭിക്കുന്ന വികലാംഗ പെൻഷനുമാണ് കുടുംബത്തിന്റെ ഏക  വരുമാനം. ശാന്തയുടെ ഭർത്താവ് വി എം കരുണൻ നാല് വർഷം മുമ്പ് ക്യാൻസർ ബാധിച്ച് മരിച്ചതോടെ പക്ഷാഘാതം ബാധിച്ച ശാന്തയും മകനും വീട്ടിൽ തനിച്ചായി. ഇപ്പോൾ ശാന്തയുടെ 10 സെന്റ് സ്ഥലത്തുള്ള വീടിന് അതിര് അളന്ന് തിട്ടപ്പെടുത്തി പോലീസ് സംരക്ഷണത്തിൽ മതില് കെട്ടി അതിര് തിട്ടപ്പെടുത്താൻ താലൂക്ക് സർവ്വേയറോഡ് മന്ത്രി ഉത്തരവിട്ടത്. ഈ തീരുമാനം ഏറെ ആശ്വാസകരമാണെന്ന് ശാന്ത പറയുന്നു.