ചക്രക്കസേരയിൽ എട്ടാം ക്ലാസുകാരനായ മകന്റെ സഹായത്തോടെയാണ് കതിരൂർ വേറ്റുമ്മലെ അഷ്‌ക്കർ തലശ്ശേരി താലൂക്കുതല അദാലത്തിൽ എത്തിയത്. ഊഴം കാത്തിരുന്ന് മന്ത്രി കെ രാധാകൃഷണനെ കണ്ടതോടെ ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം. പരസഹായമില്ലാതെ വീടിന് പുറത്തേക്കിറങ്ങി ലോട്ടറി വിൽപ്പന നടത്താൻ ഒരു ഇലക്ട്രോണിക്  വീൽചെയർ  വേണം. പ്രയാസം മനസിലാക്കിയ മന്ത്രി കെ രാധാകൃഷ്ണൻ ഉടൻ ഇലക്ട്രോണിക് വീൽചെയർ നൽകാൻ  ഉത്തരവിട്ടു. ഇനി സർക്കാർ സമ്മാനിച്ച ചിറകുമായി അഷ്‌ക്കർ സ്വപ്നത്തിലേക്ക് പറന്നുയരും.

18 വർഷം മുമ്പാണ് പെയിന്റിംഗ് തൊഴിലാളിയായ അഷ്‌ക്കറിന്റെ ജീവിതം മാറി മറിഞ്ഞത്. ജോലിക്കിടെ ഷോക്കേറ്റ് കെട്ടിടത്തിൽ നിന്നും വീണ് ശരീരം അരക്ക് താഴെ തളർന്നു. വലത് കൈയുടെ സ്വാധീനവും നഷ്ട്ടപ്പെട്ടു. ഏറെക്കാലത്തെ ചികിത്സക്ക് ശേഷം ജീവിതം വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി. വീൽചെയറുണ്ടെങ്കലും പരസഹായമില്ലാതെ പുറത്തിറങ്ങാനാകാത്ത അവസ്ഥ. ഇതോടെയാണ് ഇലക്ട്രോണിക് വീൽചെയറിനായുള്ള അപേക്ഷയുമായി
അദാലത്തിൽ എത്തിയത്. 127000 രൂപയുടെ ചക്രക്കസേരയാണ് വികലാംഗ ക്ഷേമ കോർപ്പറേഷനുമായി ബന്ധപ്പെട്ട് ജില്ലാ സാമൂഹ്യ നീതി വകുപ്പ് നൽകുക. ഇത് ലഭിക്കുന്നതോടെ സ്വന്തമായി വരുമാനം കണ്ടെത്താം എന്ന സന്തോഷത്തിലാണ് ഈ 42 കാരൻ. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ബന്ധുക്കളുടെ സഹായത്തോടെയാണ് കഴിയുന്നത്.