തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന എക്‌സ്‌പോ-ടേണിംഗ് പോയിന്റ് രണ്ടാം എഡിഷന് തളിപ്പറമ്പ് മൂത്തേടത്ത് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി. കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യാ ചരിത്രത്തിലെ ഒഴിവാക്കാനാകാത്ത ഏടുകളെ പാഠഭാഗങ്ങളിൽ നിന്നും നീക്കം ചെയ്തപ്പോൾ, അത് പഠിപ്പിക്കാൻ കേരള സർക്കാർ ഏറ്റെടുത്ത തീരുമാനം അഭിമാനകരമാണെന്ന് ടി പത്മനാഭൻ പറഞ്ഞു.
തളിപ്പറമ്പ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് കരിയർ ഗൈഡൻസ് എക്‌സ്‌പോ-ടേണിങ് പോയിന്റ് 2023′ സംഘടിപ്പിക്കുന്നത്. അഭിരുചികൾക്കനുസരിച്ച് ലക്ഷ്യത്തിലെത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കരിയർ എക്‌സ്‌പോയിൽ പങ്കെടുക്കുന്നത്.

വിദ്യാഭ്യാസ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെമിനാറുകളുമുണ്ട്. വിദ്യാർത്ഥികൾക്ക് അഭിരുചികൾക്ക് യോജിച്ച കോഴ്‌സുകൾ കണ്ടെത്താൻ എക്‌സ്‌പോ സഹായിക്കുന്നു.രണ്ട് ദിവസത്തെ വിദ്യാഭ്യാസ മേളയിൽ ശാസ്ത്രം, സാങ്കേതികം, സിവിൽ സർവ്വീസ്, സ്റ്റാർട്ട് അപ്പ്, സിനിമ, സ്‌കിൽ എഡുക്കേഷൻ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരുമായി  സംസാരിക്കാനുള്ള അവസരമൊരുക്കും. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് മുഖ്യ ആകർഷണം. ഇവയുടെ കോഴ്‌സുകൾ, ജോലി സാധ്യതകൾ എന്നിവ വിദ്യാർഥികൾക്ക് പരിചയപ്പെടാം. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജ്, ഐടിഐകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള എക്‌സിബിഷൻ സ്റ്റാളുകളും മേളയിലുണ്ട്.

മണ്ഡലത്തിൽ നടപ്പിലാക്കിയ കുട്ടികളുടെ പഠനനിലവാരം, ആരോഗ്യം, കായികം, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയ നേട്ടങ്ങളും പ്രദർശനത്തിന്റെ ഭാഗമായി പരിചയപ്പെടുത്തുന്നു.
താൽപ്പര്യമുള്ള കുട്ടികൾക്കായി കെ-ഡാറ്റ് അഭിരുചി പരീക്ഷ നടത്തും. കരിയർ ഗൈഡൻസ് അഡോളസെന്റ് സെൽ സംസ്ഥാന, ജില്ലാ കോർഡിനേറ്റർ ഉൾപ്പെടെയുള്ള കരിയർ ഗൈഡുമാരുടെ സേവനവും  ഉറപ്പു വരുത്തും. ഭിന്നശേഷി കുട്ടികൾക്ക് വ്യത്യസ്ത കോഴ്‌സുകൾ, ജോലി സാധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്നതിനുള്ള സ്റ്റാളുകളുമുണ്ട്.

ചടങ്ങിൽ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. മജീഷ്യൻ ഗോപിനാഥ് മുതുകാട്, നോളജ് എക്കണോമി മിഷൻ ജി എം പി എം റിയാസ് എന്നിവർ വിശിഷ്ടാതിഥികളായി. മജീഷ്യൻ ഗോപിനാഥ് മുതുകാട് ‘ഭിന്നശേഷി സൗഹൃദ നാളെകൾ വിദ്യാഭ്യാസം, തൊഴിൽ സാധ്യതകൾ, ശാക്തീകരണം’ എന്ന വിഷയത്തിൽ ഭിന്നശേഷി കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ക്ലാസെടുത്തു. സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ വിദ്യാർഥികൾ പ്രാപ്തരാകണമെന്നും തെരഞ്ഞെടുക്കുന്ന വിദ്യാഭ്യാസ, തൊഴിൽ മേഖലകളെ  പ്രണയിക്കണമെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.

തളിപ്പറമ്പ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് നിസാൻ, കണ്ണൂർ ആർഡിഡി കെ എച്ച് സാജൻ, ഡി ഡി ഇ വി എ ശശീന്ദ്രവ്യാസ്, ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റർ ഇ സി വിനോദ്, ഡി ഇ ഒ വി വി സതി ,തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി ചെയർമാൻ  കെ സി ഹരികൃഷ്ണൻ മാസ്റ്റർ, തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി പ്രതിനിധി പി ഒ മുരളീധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.’അറിയാം പഠിക്കാം നേടാം’ എന്ന വിഷയത്തിൽ ഡോ.എസ് രാജു കൃഷ്ണൻ, ‘പരമ്പരാഗത വ്യവസായത്തിൽ ടെക്‌നോളജിയുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ മാത്യു ജോസഫ് എന്നിവർ വിഷയാവതരണം നടത്തി. ടേണിംഗ് പോയിന്റ് പ്രത്യേക സപ്ലിമെന്റിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.