ഓരോ പ്രദേശത്തെ കൃഷിയും ആവശ്യകതയും മനസിലാക്കി ആധുനിക ഗോഡൗണുകൾ നിർമ്മിക്കാനാണ് കൃഷിവകുപ്പും സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷനും ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷൻ തലശ്ശേരി തലായിയിൽ നിർമ്മിച്ച പുതിയ ഗോഡൗണിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പഴങ്ങളും, പച്ചക്കറികളും സൂക്ഷിക്കാൻ സാധാരണ ഗോഡൗണുകൾ മതിയാവില്ല.
കാർഷിക ഉത്പന്നങ്ങൾ  കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാൻ കോൾഡ് സ്റ്റോറേജ് സംവിധാനങ്ങളുള്ള ഗോഡൗണുകളാണ് ആവശ്യം. സംസ്ഥാന സർക്കാരിന്റെ കേര പദ്ധതിയിൽ 1400 കോടിയോളം രൂപയാണ് ലോകബാങ്ക് സാമ്പത്തിക സഹായം നൽകിയത്. സർക്കാരിന്റെയും വേൾഡ് ബാങ്കിന്റെയും ഫണ്ട് ചേർത്ത് 2109 കോടി രൂപയുടെ പദ്ധതിയാണിത്. ഇതിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ സജ്ജീകരിച്ച വെയർഹൗസുകളും ഗോഡൗണുകളും കേരളത്തിൽ സ്ഥാപിക്കാൻ സംസ്ഥാന സർക്കാറിന് പദ്ധതിയുണ്ട്. ഇത്തരത്തിൽ വെയർഹൗസിംഗ് മേഖലയിൽ പുതിയ രീതികൾ കൊണ്ടുവരുന്നതിനും കർഷകർക്ക് കൂടുതൽ പ്രയോജനം ലഭ്യമാക്കുന്നതിനും സാധിക്കും- മന്ത്രി പറഞ്ഞു.
കാർഷിക മേഖലയിൽ 2021-22 വർഷം നല്ല വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. എല്ലാവരുടെയും പ്രയത്നത്തിന്റെ ഫലമാണത്. അത് നിലനിർത്തി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് സർക്കാർ. കർഷകർ ഉൽപാദിപ്പിക്കുന്ന മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനുള്ള കേരള അഗ്രോ ബിസിനസ് കമ്പനി ഉടൻ യഥാർഥ്യമാകും. കൃഷി വകുപ്പിന്റെ ഉത്പന്നങ്ങൾ കേരൾ അഗ്രോ എന്ന ബ്രാൻഡിൽ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിങ്ങനെ ഓൺലൈൻ വിപണിയിലും ലഭ്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
നബാർഡിന്റെ വെയർഹൗസ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്നും 1.67 കോടി രൂപ ചെലവഴിച്ചാണ് ഗോഡൗണിന്റെ നിർമ്മാണം. 1255 മെട്രിക് ടൺ സംഭരണശേഷിയാണ് ഉള്ളത്. ഇതോടെ തലശ്ശേരി വെയർഹൗസിന്റെ സംഭരണ ശേഷി 4525 മെട്രിക് ടൺ ആയി.
നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ  അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എം പി മുഖ്യാതിഥിയായി. കെ എസ് ഡബ്ല്യൂ സി മാനേജിംഗ് ഡയറക്ടർ എസ് അനിൽദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, വാർഡ് കൗൺസിലർ അജേഷ്, കെ എസ് ഡബ്ല്യൂ സി ചെയർമാൻ മുത്തുപാണ്ടി, നബാർഡ് കണ്ണൂർ ഡി ഡി എം ജിഷിമോൻ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ലൂയിസ് മാത്യു, തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ മധുസൂദനൻ, കെ എസ് ഡബ്ല്യൂ സി എക്സി. എഞ്ചിനീയർ കണ്ണൻ എസ് വെളിന്തറ, വിവിധ സംഘടന- രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.