മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ കുട്ടികളുടെ പാര്‍ക്ക് സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ ഉദ്ഘാടനം  ചെയ്തു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സി എസ് ആര്‍ ഫണ്ട്  ഉപയോഗിച്ച് പണി പൂര്‍ത്തീകരിച്ച പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക്, പ്ലേ സ്റ്റേഷന്‍, ഇന്‍ഡോര്‍ ഗെയിം  ഫെസിലിറ്റി എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

എം സി സിയെ ലോകോത്തര നിലവാരമുള്ള ചികിത്സയും ഗവേഷണങ്ങളും നടക്കുന്ന  സെന്ററാക്കി ഉയര്‍ത്തുകയാണ്  സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സ്പീക്കര്‍ പറഞ്ഞു.  എം സി സി ഡയറക്ടര്‍ ഡോ. ബി സതീശന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിവിഷണല്‍ എല്‍ പി ജി സെയില്‍സ് ഹെഡ് അലക്‌സി ജോസഫ് മുഖ്യതിഥിയായി. ഡോ.സംഗീത കെ നായനാര്‍, അനിത തയ്യില്‍, ഡോ.ടി കെ ജിതിന്‍ എന്നിവര്‍ സംസാരിച്ചു.

ദീര്‍ഘ കാലം ക്യാന്‍സര്‍ ചികിത്സ തേടേണ്ടി വരുന്ന കുട്ടികള്‍ക്ക് ചികിത്സ കാലയളവ് സന്തോഷകരമാക്കുന്നതിന് ഈ സൗകര്യങ്ങള്‍ സഹായകരമാകുംവിധമാണ് പാര്‍ക്ക് സജ്ജികരിച്ചത്. കുട്ടികള്‍ക്ക് പരിക്കേല്‍ക്കാത്ത തരത്തിലുള്ള ഫ്ളോറിങ്ങും  ഇവിടെ ഒരുക്കിയിട്ടുണ്ട്. പീഡിയാട്രിക് വിഭാഗത്തില്‍ നിലവില്‍ 600  ഓളം  കുട്ടികള്‍  എം സി സി യില്‍ ചികിത്സ തേടുന്നുണ്ട്.