ഒന്നര വര്‍ഷം മുന്‍പ് വരെ സന്തോഷഭരിതമായിരുന്നു പിണറായി വെണ്ടുട്ടായിലെ വി റെനീഷിന്റെ ജീവിതം. ലോറി ഡ്രൈവറായിരുന്ന റെനീഷിന്റെ വലതുകാല്‍ രക്തയോട്ടം നിലച്ച് മുറിച്ച് മാറ്റേണ്ടി വന്നതോടെയാണ് ജീവിതം താറുമാറായത്. ഭാരിച്ച ചികിത്സാ ചെലവും മരുന്നുകളും ജീവിത ചെലവും മൂലം പ്രതീക്ഷകള്‍ അസ്തമിച്ച റെനീഷിന് ആശ്വാസമായി സംസ്ഥാന സര്‍ക്കാറിന്റെ കരുതലും കൈത്താങ്ങും അദാലത്ത്.

കലിപ്പറിലൂന്നി തലശ്ശേരി താലൂക്ക്തല അദാലത്തില്‍ എത്തിയ റെനീഷിന് പ്രത്യേക പരിഗണന നല്‍കി ബിപിഎല്‍ റേഷന്‍ കാര്‍ഡ് അനുവദിച്ചു. മുന്‍ഗണന കാര്‍ഡ് ലഭിച്ചതോടെ തുടര്‍ ചികിത്സ സൗജന്യമാകുമെന്ന ആശ്വാസത്തിലാണ് ഈ യുവാവും കുടുംബവും.

സുരേഷ് ബാബുവിന്റെയും വി വല്ലിയുടെയും മകനാണ് റെനീഷ്. ഡ്രൈവറായ റെനീഷിന്റെ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോയത്. എന്നാല്‍ കോവിഡ് ബാധിച്ച് രക്തയോട്ടം നിലച്ച് റെനീഷിന്റെ വലതു കാല്‍ മുറിച്ച് മാറ്റിയതോടെ കുടുംബത്തിന്റെ താളം തെറ്റി. ലോട്ടറി വില്‍പ്പന നടത്തിയിരുന്ന സുരേഷ് ബാബുവിന് പ്രായാധിക്യം കാരണം അതിനും സാധിക്കാതായി. റെനീഷിന്റെ തുടര്‍ ചികിത്സക്ക് മാസം തോറും 6000 രൂപ ആവശ്യമായി വന്നത് കൂടുതല്‍ പ്രയാസത്തിലാക്കി.

സൗജന്യ ചികിത്സ ലഭിക്കാന്‍ മുന്‍ഗണനാ കാര്‍ഡിനായി അപേക്ഷിച്ചു. എന്നാല്‍ വീടിന്റെ വിസ്തീര്‍ണ്ണം 1000 സ്‌ക്വയര്‍ ഫീറ്റില്‍ അധികമുള്ളത് തടസമായി. ഇതോടെയാണ് അദാലത്തില്‍ പ്രത്യേക ഇളവ് നല്‍കി മന്ത്രിമാരായ കെ രാധാകൃഷ്ണനും പി പ്രസാദും പ്രശ്‌നം പരിഹരിച്ചത്. ഇതോടെ ഏറെ സന്തോഷത്തോടെയാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്. മാതാപിതാക്കളും ഭാര്യയും ആറ് വയസുകാരി മകളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

ഇതിന് പുറമെ ഗുരുതര രോഗബാധ പരിഗണിച്ച് ശാന്ത, കെ സഹിത, സതി, ലത, സുമതി, സിന്ധു, ലീല, മുത്തലിബ്, ഷീബ, ഷൈനാസ്, സുധാമണി, പി കെ ആശലത, പ്രഭാവതി, ശൈലജ, വസന്ത,  ആശാലത എന്നീ 16 പേര്‍ക്കും മന്ത്രിമാര്‍ ബി പി എല്‍ കാര്‍ഡുകള്‍ നല്‍കി.