അപകടങ്ങൾ നിത്യ സംഭവമായിരുന്നു നെയ്യാറ്റിൻകര ആർ. സി സ്ട്രീറ്റിൽ. കാൽനട യാത്രക്കാരുടെയും വാഹനങ്ങളിൽ പോകുന്നവരുടെയും ഏറെ നാളത്തെ ആവശ്യമാണ് നെയ്യാറ്റിൻകര താലൂക്ക്തല അദാലത്തിൽ പൊതുഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പരിഹരിച്ചത്. ആർ.സി സ്ട്രീറ്റ്, മണലിവിള, കവളാകുളം നിവാസികളുടെ പരാതിക്കാണ് കരുതലും കൈത്താങ്ങും അദാലത്തിൽ പരിഹാരമായത്.

പൂവാർ റോഡിൽ നിന്നും ആർ. സി സ്ട്രീറ്റിലെ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് കെ.എസ്.ആർ.ടി. സിയുടെ ചുറ്റുമതിലിന്റെ ഭാഗം റോഡിലേക്ക് തള്ളി നിൽക്കുന്നതിനാൽ ആർ. സി സ്ട്രീറ്റിൽ നിന്നും പൂവാർ റോഡിലേക്ക് കയറുന്ന സ്ഥലത്ത് വാഹനങ്ങൾക്ക് പരസ്പരം കാണാൻ സാധിക്കാതെ അപകടങ്ങൾ പതിവായിരുന്നു. സമീപത്തായി ആരാധനാലയങ്ങൾ ഉള്ളത് കൊണ്ടുതന്നെ കാൽനടയാത്രക്കാരും നിരവധിയാണ്.

പൂവാർ റോഡിൽ നിന്നും ആർ.സി സ്ട്രീറ്റിലേക്ക് തിരിയുന്ന ഭാഗത്തെ കെഎസ്ആർടിസി ഡിപ്പോയുടെ ചുറ്റുമതിലിന്റെ ഭാഗം ഉള്ളിലാക്കി വളച്ചു കെട്ടാൻ അദാലത്തിൽ ഉത്തരവായി.