പുറമേരി ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാന ചടങ്ങ് സംഘടിപ്പിച്ചു. തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വനജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. വാർഡ് ഏഴ് നടേമ്മലിൽ വലിയ പറമ്പത്ത് കല്യാണിയുടെ വീട്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ 139 വീടുകളാണ് ഉടമ്പടി പൂർത്തീകരണത്തിലേക്ക് എത്തുന്നത്. ലൈഫ് മിഷൻ പദ്ധതി പ്രകാരം നിലവിലുള്ള മുഴുവൻ അപേക്ഷകരെയും പാർപ്പിടമുള്ളവരാക്കി മാറ്റാൻ സംസ്ഥാന സർക്കാർ നിശ്ചയിച്ച ഹുഡ്‌കോ വായ്പ കൂടി ഉപയോഗപ്പെടുത്തി സാധിക്കും എന്ന് പഞ്ചായത്ത് പ്രതിനിധികൾ അറിയിച്ചു.

പുറമേരി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി എം വിജയൻ മാസ്റ്റർ, ബിന്ദു പുതിയോട്ടിൽ, വിജിഷ കെ എം, ഗീത എം എം, രവി കൂടത്താം കണ്ടി, വി ടി ഗംഗാധരൻ, സമീർ മാസ്റ്റർ, വി ഇ ഓ അനീഷ് പി ടി കെ, മീന സി കെ എന്നിവർ സംസാരിച്ചു. പുറമേരി പഞ്ചായത്ത്‌ സെക്രട്ടറി സിന്ധു പി ജി സ്വാഗതവും പഞ്ചായത്ത്‌ അംഗം പി ശ്രീലത നന്ദിയും രേഖപ്പെടുത്തി.