ചിത്രകലാ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദർശനത്തിനും ഗ്രൂപ്പ് പ്രദർശനത്തിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു. 2018-2019 വർഷം അക്കാദമി ഗ്യാലറികളിൽ ഏകാംഗ പ്രദർശനം സംഘടിപ്പിക്കുന്നതിന് 50,000 രൂപ വീതവും, ഗ്രൂപ്പ് പ്രദർശനത്തിന് 1,00,000 രൂപ വീതവും ഗ്രാന്റായി നൽകും. ഗ്രൂപ്പ് പ്രദർശനത്തിൽ കുറഞ്ഞത് മൂന്നും പരമാവധി അഞ്ചും കലാകാരൻമാർ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്നവർ സ്വന്തം രചനകളുടെ 8 ഃ 6 ഇഞ്ച് വലിപ്പത്തിലുള്ള 10 കലാസൃഷ്ടികളുടെ കളർ ഫോട്ടോഗ്രാഫുകൾ, ലഘുജീവചരിത്രക്കുറിപ്പ് എന്നിവയടക്കം നിശ്ചിത ഫോറത്തിൽ അപേക്ഷിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന കലാകാരൻമാർ 2019 മാർച്ച് 31ന് മുൻപായി അക്കാദമിയുടെ ഏതെങ്കിലും ഗ്യാലറികളിൽ പ്രദർശനം നടത്തേണ്ടതാണ്. അപേക്ഷകർ 18 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കണം. കേരളത്തിനകത്തും പുറത്തും താമസിക്കുന്ന മലയാളികൾക്ക് പ്രദർശനത്തിന് അപേക്ഷിക്കാം. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഗ്രാന്റ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷാ ഫോറം അക്കാദമിയുടെ www.lalithkala.org എന്ന വെബ് സൈറ്റിലും അക്കാദമിയുടെ ഗ്യാലറികളിലും ലഭിക്കും. തപാലിൽ ആവശ്യമുള്ളവർ ‘സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂർ-20’ എന്ന വിലാസത്തിൽ സ്റ്റാമ്പ് പതിച്ച കവർ സഹിതം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും 2018 ഒക്‌ടോബർ 10ന് മുൻപ് ലളിതകലാ അക്കാദമി മുഖ്യകാര്യാലയത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0487-2333773.