ഗുരുവായൂര്‍ നഗരസഭ വേനലവധികാലത്ത് നടത്തി വരാറുളള കുട്ടികളുടെ മാനസികോല്ലാസ ക്യാമ്പായ വേനല്‍പറവകള്‍ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകതാ ബുദ്ധിവികാസം, നിര്‍മ്മാണ പാടവം, ശാസ്ത്രബോധം, കലാഭിരുചി എന്നിവ പ്രോത്സാഹിപ്പിക്കുന്ന മൊഡ്യൂളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്യാമ്പിന്‍റെ സമാപന ദിവസം പഠന വിനോദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. വനയാത്രയാണ് പഠന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നടക്കുന്നത്.

കോഴിക്കോട് സ്മാര്‍ട്ട് വിങ്ങിലെ പി അനില്‍കുമാര്‍, ഇ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. നഗരസഭ പരിധിയില്‍ താമസിക്കുന്ന ആറാംക്ലാസ്സ് മുതല്‍ പത്താംക്ലാസ്സ് വരെയുളള ക്ലാസ്സുകളില്‍ പഠിക്കുന്ന 103 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഗുരുവായൂര്‍ നഗരസഭയുടെ 11-ാംമത് വേനല്‍പറവകള്‍ ക്യാമ്പാണ് ഈ വര്‍ഷത്തേത്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 3 വര്‍ഷങ്ങളായി ക്യാമ്പ് സംഘടിപ്പിച്ചിരുന്നില്ല.

ക്യാമ്പിന്റെ ഉദ്ഘാടനം ഇ എം എസ് സ്ക്വയറില്‍ എൻ കെ അക്ബര്‍ എംഎൽഎ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷനായി. ഗാനരചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍, കൗണ്‍സിലര്‍ കെ പി ഉദയന്‍, ചാവക്കാട് ഗവ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ എം കെ സീന തുടങ്ങിയവര്‍ പങ്കെടുത്തു.