ജില്ല പഞ്ചായത്ത് ചെറായി ഡിവിഷൻ സംഘടിപ്പിച്ച തൊഴിൽമേളയ്ക്ക് മികച്ച പ്രതികരണം. ഫിൻപ്രൂഫ് ലേണിംഗിന്റെ സഹകരണത്തോടെ ചെറായി എസ്.എം.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ജോബ് ഫെയർ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷയും പിന്തുണയും പകരുന്ന ഉദ്യമമാണ് തൊഴിൽമേളയെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗാർത്ഥികളുടെയും തൊഴിൽദാതാക്കളുടെയും മികച്ച പങ്കാളിത്തത്തോടെ സംഘടിപ്പിച്ച മേളയിൽ നൂറോളം പേരെ വിവിധ തൊഴിൽ മേഖലകളിലേക്ക് ഷോർട്ട്ലിസ്റ്റ് ചെയ്‌തു.
ബാങ്കിംഗ്, ഇൻഷുറൻസ് മേഖലയുൾപ്പെടെ തൊഴിൽദാതാക്കളായ ഇരുപതോളം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുത്ത മേളയിൽ 1200 പേർ രജിസ്റ്റർ ചെയ്‌തു. നാന്നൂറോളം ഉദ്യോഗാർത്ഥികൾ നേരിട്ട് പങ്കെടുത്തു. രജിസ്റ്റർ ചെയ്‌തവരിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയർ പോർട്ടലിലൂടെ കമ്പനികളിൽ നേരിട്ട് ഇന്റർവ്യൂകളിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഉദ്ഘാടനയോഗത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷയായി. ഫിൻപ്രൂവ് ലേണിംഗ് സി.എഫ്.ഒ.സി.എ ആഷ്‌ന ഭരത് പിള്ള മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് ചെറായി ഡിവിഷൻ അംഗം അഡ്വ. എം.ബി ഷൈനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ സാജിത്ത്, അംഗങ്ങളായ ഇ.കെ ജയൻ, ശാന്തിനി പ്രസാദ്, കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ, ഫിൻപ്രൂവ് ലേണിംഗ് പ്രതിനിധി ദീപു കാലാക്കൽ, വി. വി സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ എന്നിവർ പങ്കെടുത്തു.