കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയെന്ന ഉദ്ദേശത്തോടെയാണ് സാമൂഹ്യ നീതി വകുപ്പ് പ്രവർത്തിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.
കാലടി ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്കുള്ള സമ്പൂർണ്ണ പുനരധിവാസം പൂർണ്ണമാകണമെങ്കിൽ ഇനിയും ഒരുപാട് ദൂരം പോകണമെന്ന ബോധ്യം സർക്കാറിനുണ്ട്. ഭിന്നശേഷികാർക്ക് മറ്റുള്ളവരെ പോലെ സമൂഹത്തിന്റെ എല്ലാ മേഖലയിലേക്കും ആത്മ വിശ്വാസത്തോടെ മുന്നേറാൻ കഴിയുന്ന സമൂഹമായി കേരളത്തെ മാറ്റിയെടുക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാർക്ക് വേണ്ടി തടസ്സരഹിത കേരളം എന്ന പദ്ധതിയാണ് സർക്കാർ മുന്നോട്ടുവെയ്ക്കുന്നത്. അവർക്കായി കൂടുതൽ ഇടങ്ങൾ ഒരുക്കാനാണ് സർക്കാരും ശ്രമിക്കുന്നത്. ‘തനിച്ചല്ല, നിങ്ങൾക്ക് ഒപ്പമുണ്ട് ഞങ്ങൾ’ എന്ന സർക്കാരിന്റെ നയം പോലെ ഭിന്നശേഷിക്കാർക്ക് എല്ലാവിധ പിന്തുണയും വകുപ്പിന്റെ ഭാഗത്ത് നിന്നും നൽകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്നീ സ്ഥാപനങ്ങൾ ഭിന്നശേഷി പുനരധിവാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകുന്നുണ്ട്. ബാരിയർ ഫ്രീ കേരള പദ്ധതി മുന്നോട്ടുപോകുമ്പോൾ സംസ്ഥാനത്തെ പൊതുയിടങ്ങളും സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും കലാലയങ്ങളും ഉൾപ്പെടെ പൊതുഗതാഗതങ്ങളും ഭിന്നശേഷിക്കാർക്കും കടന്നുവരാവുന്ന തരത്തിലാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡോ. കെ.ടി ജലീൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിട നിർമാണവും കുടുംബശ്രീ ഫണ്ടിൽ നിന്ന് 12.5 ലക്ഷം ചെലവഴിച്ച് ഭൗതിക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ആറ് ലക്ഷം രൂപ ജീവനക്കാരുടെ വേതനത്തിനും അഞ്ച് ലക്ഷം രൂപ ചുറ്റുമതിൽ നിർമാണത്തിനായും രണ്ട് ലക്ഷം രൂപ കുഴൽക്കിണറിനും വകയിരുത്തിയിട്ടുണ്ട്. പുതിയ ബി.ആർ.സിയിൽ 19 ഭിന്നശേഷിക്കാരാണ് നിലവിൽ ഇവിടെയുള്ളത്.

പരിപാടിയിൽ ഡോ. കെ.ടി. ജലീൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ജി ജിൻസി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.പി. മോഹൻദാസ്, കാലടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ ആനന്ദൻ, എൻ.കെ അബ്ദുൽ ഗഫൂർ, പഞ്ചായത്ത് അംഗങ്ങളായ വി.സി സലീന, സുരേഷ് പനക്കൽ, എം. രജിത, ഗിരിജ, ബഷീർ തുറയാറ്റിൽ, കെ.ജി ബാബു, വി. രാജ ലക്ഷ്മി, അബ്ദുൽ റസാഖ്, ഇ.പി രജനി, ബൽക്കീസ്, എ. ലെനിൽ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.