മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
കായിക രംഗത്തെ സമഗ്ര വളർച്ചയും ലഹരിക്കെതിരെ യുവതലമുറയുടെ പ്രതിരോധവും ലക്ഷ്യമിട്ട് കുട്ടികൾക്കായി മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘കളിക്കൂട്ടങ്ങൾ’ സമഗ്ര കായിക പരിശീലന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി സ്മാരക ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാവുന്ന മാതൃകാ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലഹരിക്കെതിരെയുള്ള മികച്ച പ്രതിരോധമാണ് ഇത്തരം പദ്ധതികൾ. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ അവരുടെ അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് വഴി ലഹരി പോലുള്ള സാമൂഹ്യ തിന്മകളിൽ പെടാതെ അവരെ രക്ഷിക്കാനാവും. ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനുള്ള ശ്രമങ്ങളും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും മന്ത്രി ഓർമിപ്പിച്ചു. പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദ്യാർഥികൾക്ക് സ്‌പോർട്‌സ് കിറ്റ്, ജേഴ്‌സി തുടങ്ങിയവയുടെ വിതരണവും മന്ത്രി നിർവഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പഞ്ചായത്ത് തലത്തിൽ ബാലസഭാംഗങ്ങൾക്ക് കായിക പരിശീലനവും സ്‌പോർട്‌സ് കിറ്റുകളുടെ വിതരണവും ആരോഗ്യ അവബോധ പരിപാടികളും ഉൾക്കൊള്ളുന്ന പദ്ധതി ആരംഭിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 15 ബ്ലോക്ക് തലങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട ഓരോ കേന്ദ്രങ്ങളിലായി 750 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ ഫുട്‌ബോൾ, ഹാൻഡ് ബോൾ പരിശീലനം. ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പരിശീലനാർഥികളെ ജില്ലയിൽ കുട്ടികൾക്കിടയിലെ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ അംബാസഡർമാരായി നിയോഗിക്കും. ഇവർ ‘ചൈൽഡ് അംബാസഡർ’മാർ എന്നാണ് അറിയപ്പെടുക.
കളിയോടൊപ്പം ആരോഗ്യ പരിശോധന, വ്യായാമമുറകൾ, നല്ല ഭക്ഷണ ശീലങ്ങൾ എന്നിവയും ശീലിപ്പിക്കുന്ന പദ്ധതി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ഒരു കേന്ദ്രത്തിൽ 30 ആൺകുട്ടികളും 20 പെൺകുട്ടികളും ഉൾപ്പെടെ 50 കുട്ടികൾക്കായിരിക്കും പരിശീലനം. ഇവർക്ക് നൽകുന്ന സ്‌പോർട്‌സ് കിറ്റിൽ ടീമിന് ആവശ്യമായ സ്‌പോർട്‌സ് സാമഗ്രികൾ, ഓരോ കുട്ടിക്കുമുള്ള ബൂട്ട്‌സ്, ജേഴ്‌സി തുടങ്ങിയവ ഉൾപ്പെടും. 15 കേന്ദ്രങ്ങളിലായി ആകെ 750 കുട്ടികളാണ് പരിശീലന പരിപാടിയുടെ ഭാഗമായത്.
ആൺ കുട്ടികൾക്ക് ഫുട്‌ബോൾ, പെൺകുട്ടികൾക്ക് ഹാൻഡ് ബോൾ എന്നീ ഇനങ്ങളിലായിരിക്കും പരിശീലനം. പരിശീലന സ്ഥലങ്ങൾ, പരിശീലകർ തുടങ്ങിയവ അതത് ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തിലാണ് ഒരുക്കുക. കുട്ടികളുടെ മൊബിലൈസേഷൻ, ക്യാമ്പ് മോണിട്ടറിങ് എന്നിവക്ക് കുടുംബശ്രീ നേതൃത്വം നൽകും.
പരിശീലന ക്യാമ്പിന് മുന്നോടിയായി ഒരോ കേന്ദ്രത്തിലും ആരോഗ്യ പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു കൊണ്ട് കുട്ടികൾക്ക് ഹെൽത്ത്കാർഡ് നൽകും. ഉയരം, ഭാരം, ബി.എം.ഐ തുടങ്ങിയ പരിശോധനകൾ ആരോഗ്യ നിർണ്ണയ ക്യാമ്പിൽ സജ്ജീകരിക്കും. മൂന്ന് മാസം നീണ്ടുനിൽക്കുന്ന ക്യാമ്പുകളാണ് ഈ മാസം മുതൽ ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രൂപീകൃതമാകുന്ന ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ ജില്ലാതല ടൂർണമെന്റ് സംഘടിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.
-ടൗൺഹാളിൽ നടന്ന പരിപാടിയിൽ പി. ഉബൈദുല്ല എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ മുജീബ് കാടേരി, സ്ഥിരം സമിതി അധ്യക്ഷരായ എൻ.എ കരീം, സറീന ഹസീബ്, നസീബ അസീസ്, ആലിപ്പറ്റ ജമീല, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ കലാം മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി.വി മനാഫ്, പി.കെ.സി അബ്ദുറഹിമാൻ, കെ.ടി അഷ്‌റഫ്, എ.പി ഉണ്ണികൃഷ്ണൻ, അഡ്വ. മോഹൻദാസ്, വി.കെ.എം ഷാഫി, എ.കെ സുബൈർ, ഫൈസൽ എടശ്ശേരി, ബഷീർ രണ്ടത്താണി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ടി.പി ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഇൽ മൂത്തേടം സ്വാഗതവും സെക്രട്ടറി എസ്. ബിജു നന്ദിയും പറഞ്ഞു.