അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥി കേന്ദ്രീകൃത കാഴ്ചപ്പാടോടെ സമഗ്ര പരിഷ്കരണമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു.
ഐ.എച്ച്.ആര്.ഡി.യുടെ മുതുവല്ലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ പുതുതായി നിര്‍മിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ രണ്ടാം നിലയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യഭ്യാസ മേഖല മാറ്റത്തിന്റെയും മുന്നേറ്റത്തിന്റെയും പാതയിലാണ്. വരും തലമുറയ്ക്ക് വേണ്ടി ഏറ്റവും മികച്ച വിദ്യാഭ്യാസ രീതിയും മികച്ച തൊഴില്‍ മേഖലകളും കേരളീയ അന്തരീക്ഷത്തില്‍ തന്നെ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും തമ്മില്‍ ബന്ധിപ്പിക്കുന്ന നൈപുണ്യ വികസന ക്ലാസുകള്‍ വഴി കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ തൊഴില്‍ നേടാന്‍ സാധിക്കും. മാത്രമല്ല സമൂഹത്തിലെ നേതൃത്വപരമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ടി.വി. ഇബ്രാഹിം എം.എല്‍.എ അധ്യക്ഷത വഹിച്ചു.പി.ഡബ്ല്ി.യു.ഡിഅസിഎക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ഗോപന് മുകുളത്ത് റിപ്പോര്‍ട്ട് അവരിപ്പിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി, മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സി. അബ്ദുല്‍ റഹ്മാന്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പാപ്പാടന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.എച്ച്.ആര്.ഡി ഡയറക്ടര്‍ ഡോ വി. സുരേഷ്കുമാര്‍ സ്വാഗതവും ഐ.എച്ച്.ആര്.ഡി പ്രിന്‍സിപ്പാള്‍ ദീദീ ദാമോദരന്‍ നന്ദിയും പറഞ്ഞു.
സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് 50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂര്‍ത്തിയാക്കിയത്. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍,എം.കോം ഫിനാന്‍സ് തുടങ്ങിയ കോഴ്സുകളാണുള്ളത്. പുതിയ കെട്ടിടത്തില്‍ ബി.ബി.എ കോഴ്സുകള്‍ ആരംഭിക്കും. മൂന്ന് ഹൈടെക് ക്ലാസ് മുറികള്‍, ലൈബ്രറി, സെമിനാര്‍ ഹാള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് അക്കാദമിക് ബ്ലോക്ക്. 2010 ജൂണിലാണ് സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത് മുതുവല്ലൂര്‍ കോളേജ് ഓഫ് അപ്പ്ളൈഡ് സയന്‍സ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.