മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യസംസ്‌കരണത്തിൽ വീഴ്ച വരുത്തിയ 62 സംഭവങ്ങളിലായി തദ്ദേശഭരണ സ്ഥാപനങ്ങൾ 4,09,310 രൂപ പിഴ ഈടാക്കി. രണ്ട് പേർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചതായി നവകേരളം കർമ്മ പദ്ധതി -2 ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കൽ, നിരോധിച്ച പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കൽ, ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ തള്ളൽ, അജൈവ മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാതിരിക്കൽ, ഹരിതകർമ്മസേനയ്ക്ക് കൈമാറാതിരിക്കൽ, ഉറവിട ജൈവമാലിന്യ സംസ്‌കാരണം നടത്താതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

നിലവിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ വാർറൂമിൽ ലഭ്യമായ കണക്കുകൾ പ്രകാരം 78 കേസുകളിൽ നടപടികൾ പുരോഗമിക്കുന്നു. ഇതുകൂടി പൂർത്തിയാകുന്നതോടെ പിഴ 10 ലക്ഷത്തിന് മുകളിലെത്തുമെന്നാണ് കണക്കാക്കുന്നത്. 2016ലെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരമാണ് നടപടി.