തൊഴിലും വിദ്യഭ്യാസവും തമ്മിൽ നിലനിന്നിരുന്ന വിടവ് നികത്താനാണ് സർക്കാർ ശ്രമമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തിരൂരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്‌നിക് കോളജ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു കുട്ടി സംരംഭം ആരംഭിച്ചാൽ സഹപാഠികൾക്കും തൊഴിലവസരം നൽകാൻ കഴിയും എന്നതിനാൽ സംരംഭകത്വ താത്പര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എ.കെ.എൻ.എം ഗവ. പോളിടെക്‌നിക് കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നബാർഡിന്റെ ധനസഹായത്തോടെയാണ് ഓഡിറ്റോറിയം നിർമിച്ചത്.
ചടങ്ങിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.എം.സുഹറാബി, ടി.വിജിത്ത്, വൈസ് പ്രസിഡന്റ് ഹനീഫ അച്ചാട്ടിൽ, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സെറീന ഹസീബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, മുന്നിയൂർ ഗ്രാമപഞ്ചായത്ത് അംഗം പി. രമണി അത്തേക്കാട്ട്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോ. ഡയറക്ടർ പി.ബീന, റീജ്യണൽ ജോ. ഡയറക്ടർ കെ.എം രമേഷ്, ജോ. കൺട്രൊളർ ഡോ. എം. രാമചന്ദ്രൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.