മഞ്ചേരി,തിരൂരങ്ങാടി ലാന്റ് ട്രിബ്യൂണലുകൾക്ക് കീഴിലെ 2256 പട്ടയങ്ങൾ വിതരണം ചെയ്തു

ജില്ലയിലെ അർഹതപ്പെട്ടവർക്ക് ഒരു മാസത്തിനകം പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും ഇതിനായി ജില്ലയിൽ മൂന്ന് പട്ടയമേളകൾ കൂടി സംഘടിപ്പിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു.
സർക്കാറിന്റെ എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി മൂന്നാം പട്ടയമിഷൻ വഴി ജില്ലയിലെ മഞ്ചേരി, തിരൂരങ്ങാടി ലാന്റ് ട്രിബ്യൂണലുകൾക്ക് കീഴിലെ 2,256 പട്ടയങ്ങൾ മഞ്ചേരി ടൗൺഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ 94 ലക്ഷം കുടുംബങ്ങളെയും റവന്യൂ ഇ-സാക്ഷരരാക്കാനുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് ഉടൻ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. രണ്ടു വർഷത്തിനകം ജില്ലയിൽ ഇരുപതിനായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്ത് പട്ടയമിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജില്ലാ കളക്ടറെയും റവന്യൂ വകുപ്പ് ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.

നഗരസഭാ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. എം.എൽ എ മാരായ അഡ്വ: യു എ ലത്തീഫ്, പി.വി അൻവർ, കെ.പി.എ. മജീദ്, പി.ഉബൈദുള്ള, ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ്, മഞ്ചേരി നഗരസഭാ അധ്യക്ഷ വി.എം സുബൈദ, കൗൺസിലർമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.