ജില്ലയിൽ ക്വാറി/ ക്രഷർ ഉൽപ്പന്നങ്ങൾക്ക്‌ 2023 മാർച്ച് 31ന്
വിറ്റ വിലയിൽ നിന്നും പരമാവധി അഞ്ചുരൂപ മാത്രം വർദ്ധിപ്പിച്ചേ വിൽക്കാൻ പാടുള്ളൂവെന്ന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റ അധ്യക്ഷതയിൽ ക്വാറി/ ക്രഷർ ഉൽപ്പന്നങ്ങളുടെ വില നിയന്ത്രണവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ തീരുമാനമായി.

ജില്ലയിൽ ക്വാറി/ ക്രഷർ വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വിലയിരുത്തുന്നതിനും ജില്ലാതല മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. എല്ലാ മാസവും മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരും.

പാറയുടെ ലഭ്യത കുറവ് വിലവർധനവിന് കാരണമാകുന്ന സാഹചര്യത്തിൽ റവന്യൂ, എൽ.എ പട്ടയ ഭൂമികളിലെ പാറ ഖനനം ചെയ്യുന്നത് സംബന്ധിച്ച വിഷയങ്ങളിൽ സർക്കാർ തലത്തിൽ തീരുമാനമുണ്ടാകും. പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നത്തിന് നിലവിലുള്ള കാലതാമസം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കളക്ടർ പറഞ്ഞു.

പ്ലാനിങ് ഹാളിൽ നടന്ന യോഗത്തിൽ യോഗത്തിൽ സീനിയർ ജിയോളജിസ്റ്റ് പ്രിയ മോഹൻ, ക്വാറി/ ക്രഷർ ഉടമസ്ഥർ, ക്വാറി/ ക്രഷർ കോ ഒഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.