എല്ലാ പൊതുവേദികളിലും ഭിന്നശേഷികാർക്ക് വേണ്ടി പരിഭാഷകരെ ഏർപ്പെടുത്തുമെന്നും കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തൃശ്ശൂർ സെൻ്റ് മേരീസ് കോളേജ് ഹാളിൽ നടന്ന ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ഇടവും എല്ലാ സംവിധാനങ്ങളും ഭിന്നശേഷിക്കാർക്കുമായി മാറണം. ഈ വിഷയത്തിലുള്ള പൊതുസമൂഹത്തിന്റെ മനോഭാവ മാറ്റത്തിനായി സാമൂഹ്യനീതി വകുപ്പ് ആശ്രാന്തം പരിശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണമാണ് സെൻ്റ് മേരീസ് കോളജ് ഹാളിൽ നടന്നത്. ഭിന്നശേഷി സമൂഹത്തിന്റെ മുന്നേറ്റത്തിനും പുനരധിവാസത്തിനുമായി നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി 75 ഗുണഭോക്താക്കൾ പരിപാടിയുടെ ഭാഗമായി. ശ്രവൺ പദ്ധതി പ്രകാരം ശ്രവണ സഹായികളുടെ വിതരണവും ഹസ്തദാനം പദ്ധതി പ്രകാരം 20,000 രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റ് വിതരണവും ഇലക്ട്രിക് വീൽചെയർ വിതരണവും നടന്നു.

മേയർ എം കെ വർഗീസ് അധ്യക്ഷനായി. സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. എം വി ജയഡാളി, സെൻ്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോ. മാഗി ജോസ്, കോർപ്പറേഷൻ കൗൺസിലർമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വികലാംഗ കോർപ്പറേഷൻ ഡയറക്ടർമാർ, കോളജ് ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.