അതിക്രമങ്ങൾക്കിരയാകുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ നിയമ പരിരക്ഷയ്ക്കായി സംസ്ഥാന സർക്കാർ രൂപം കൊടുത്ത നിയമസഹായ സെൽ ആൻഡ് കാൾസെന്റർ ‘ജ്വാല’-യുടെ സേവനം കൂടുതൽ പേരിലേയ്ക്ക് എത്തിക്കുന്നതിനു നടപടികൾ ആരംഭിച്ചതായി പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാലകഷ്ണൻ അറിയിച്ചു.

വരുന്ന അധ്യയന വർഷം വകുപ്പിനു കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റൽ, പോസ്റ്റ്‌മെട്രിക് ഹോസ്റ്റൽ, നഴ്‌സറി സ്‌കൂളുകൾ തുടങ്ങിയിടങ്ങളിൽ 100% പ്രവേശനം ഉറപ്പു വരുത്തും. അധ്യയന ആരംഭിക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനും ഡയറക്ടർ നിർദ്ദേശം നൽകി.

വകുപ്പിന്റെ വിവിധ ക്ഷേമ പദ്ധതി പ്രവർത്തനങ്ങളിലായി 2022-23 വർഷം 82% തുക വിനിയോഗിച്ചതിന് വകുപ്പിന്റെ ഫീൽഡ്തല ഉദ്യോഗസ്ഥരെ ഡയറക്ടർ അഭിനന്ദിച്ചു.

2023 – 24 വർഷത്തെ പദ്ധതികൾക്കായുള്ള പ്രൊപ്പോസലുകൾ ആവശ്യമായ ഫീൽഡ് പരിശോധനകൾ നടത്തി പ്രായോഗികത ഉറപ്പ് വരുത്തി പദ്ധതി രൂപീകരണ നടപടികൾ ത്വരിതപ്പെടുത്തുന്നതിനും ഡയറക്ടർ നിർദേശം നൽകി.