സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മേയ് 18ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

താഴേത്തട്ടിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഉറപ്പാക്കാനാകുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്. ഈ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി ആ പ്രദേശത്തെ ജനപങ്കാളിത്തത്തോടെ എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാനാകും. മികച്ച സൗകര്യങ്ങളൊരുക്കി എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളേയും ജനസൗഹൃദ സ്ഥാപനങ്ങളായി മാറ്റും. വർധിച്ചു വരുന്ന രോഗാതുരത, ജീവിതശൈലീ രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയുടെ പ്രതിരോധത്തിന് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഏറെ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ജനകീയ ആരോഗ്യ ക്ലബ്ബുകൾ രൂപീകരിക്കും. ഒരു ജനകീയ ആരോഗ്യ കേന്ദ്രത്തിന് ഒരു ജനകീയ ആരോഗ്യ ക്ലബ് എന്ന രീതിയിലാണ് രൂപം നൽകുന്നത്. ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം എന്നിവ പ്രോത്സാഹിപ്പിക്കുവാനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടു കൂടി സംഘടിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. ഗർഭിണികൾ, കിടപ്പ് രോഗികൾ, സാന്ത്വനപരിചരണം ആവശ്യമായവർ എന്നിവർക്ക് പ്രത്യേക കരുതലൊരുക്കാനും ജനകീയാരോഗ്യ കേന്ദ്രങ്ങൾ സഹായിക്കും.