വര്‍ധിച്ചു വരുന്ന ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ‘കലയാട്ടം’ ക്യാമ്പയിന് പരിസമാപ്തി.
വിദ്യാര്‍ഥികളെയും യുവാക്കളേയും ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരാഴ്ച്ച നീണ്ട ക്യാമ്പയിൻ നടത്തിയത്.

സമാപനത്തിൽ വിവിധ സെന്ററുകളിലെ ഫെല്ലോഷിപ്പ് പഠിതാക്കളുടെ കലാപരിപാടികൾ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ശ്രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രമീള അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ മുംതാസ്, അഡ്വ. എം.സി സജീഷ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി രജീഷ് ആർ. നാഥ് എന്നിവർ സംസാരിച്ചു.

ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.എം. പ്രസീത ടീച്ചർ പദ്ധതി  വിശദീക്കരിച്ചു. ക്യാമ്പയിന്റെ ഭാഗമായികണ്ണൂര്‍ സിറ്റി തയ്യിലിലെ ഐആര്‍പിസി സാന്ത്വന കേന്ദ്രത്തിലെ വയോജനങ്ങളോടൊപ്പം ചേര്‍ന്ന് വിവിധ കലാപരിപാടികള്‍, ചാല, കൊളച്ചേരി, കാടാച്ചിറ, ഇരിവേരി, മുണ്ടേരി എന്നിവിടങ്ങളില്‍ പരിസര ശുചീകരണം, വിവിധ ശിൽപശാലകൾ എന്നിവ നടത്തിയിരുന്നു.ലഹരിക്കെതിരെ ചക്കരക്കല്‍, പെരളശ്ശേരി എന്നിവിടങ്ങളില്‍ ലഹരിവിരുദ്ധ കലാജാഥയും ഫ്‌ളാഷ്‌മോബും അരങ്ങേറി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത്, ഇരിവേരി അങ്കണവാടി എന്നിവിടങ്ങളിലെ മതിലുകളിൽ ലഹരിവിരുദ്ധ ചുവർ ചിത്രങ്ങള്‍ വരച്ചത് ക്യാമ്പയിന്റെ മാറ്റുകൂട്ടി.

വൈകിട്ട് നടന്ന സമാപന സമ്മേളനം ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെപി ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ജോ.ബിഡിഒ കെ രജിത സ്വാഗതവും ഹെഡ് അക്കൗണ്ടന്റ് ആർ. പ്രശാന്ത് നന്ദിയും പറഞ്ഞു. ഫെല്ലോഷിപ്പ് കലാകാരന്മാരായ ഇ.കെ സജീർ, ഒ.പി അക്ഷയ, അഹന സത്യ, ത്രിഷ്ണപ്രസാദ്, ഡി. പ്രിയങ്ക, എ. ലാലു സംസാരിച്ചു. ബ്ലോക്ക്‌‌ പഞ്ചായത്ത്‌ മെമ്പർമാരും ഫെലോഷിപ്പ് കലാകാരന്മാരും പഠിതാക്കളും ഓഫീസ് ജീവനക്കാരും കലാസ്വാദകരും പരിപാടിയിൽ പങ്കെടുത്തു.