ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ താമസിക്കുന്ന കാളുകുറുമ്പനെ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് സന്ദർശിച്ചു. ആരോരുമില്ലാതെ ഒറ്റമുറിയിൽ കഴിഞ്ഞു വരുന്ന ജന്മനാ അന്ധനായ 78 വയസുള്ള കാളുകുറുമ്പന് വികലാംഗ പെൻഷൻ ലഭിക്കുന്നില്ലെന്ന് അറിഞ്ഞതിനെ തുടർന്നാണ് കളക്ടർ സന്ദർശനം നടത്തിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അയച്ച സന്ദേശത്തിൽ നിന്നും മാധ്യമ വാർത്തകളിൽ നിന്നുമാണ് ഇക്കാര്യം കളക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്.

ആധാർ കാർഡ് ലിങ്ക് ചെയ്യാതിരുന്നത് മൂലമാണ് പെൻഷൻ ലഭ്യമാകാതിരുന്നത്.

തുടർന്ന് പഞ്ചായത്ത് ഭരണസമിതിയുമായി ചർച്ച നടത്തുകയും വേട്ടേഴ്സ് ഐ.ഡി ലഭ്യമാക്കുന്നതിനും ഐഡി ലഭ്യമാകുന്ന മുറയ്ക്ക് ആധാർ കാർഡ് ലഭ്യമാക്കി പെൻഷൻ പുനസ്ഥാപിക്കുന്നതിനും നടപടികൾ സ്വീകരിച്ചു. കാളുകുറുമ്പന് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കി.

പഞ്ചായത്തിന്റെ ഇടപെടലിനെ തുടർന്ന് ജലജീവൻ പദ്ധതി മുഖേന കുടിവെള്ള കണക്ഷനും ജനകീയ ഹോട്ടൽ വഴി ഭക്ഷണവും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സൗജന്യ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ഇതിനായി തഹസിൽദാറിന്റെയുംവില്ലേജ് ഓഫിസറുടേയും സഹായം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

ഗായകനായ കാളുകുറുമ്പൻ ഊന്നുകടിയിൽ താളം പിടിച്ച് മനോഹരമായ ഗാനവും കളക്ടർക്കായി ആലപിച്ചു.

ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രാജേഷ്, പഞ്ചായത്ത് അംഗങ്ങൾ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.