മഴക്കാലത്തിനു മുൻപ് ജില്ലയിലെ റോഡുകൾ നവീകരിച്ചു സഞ്ചാരയോഗ്യമാക്കണമെന്ന് കളക്ടർ എൻ.എസ്.കെ ഉമേഷ്‌ നിർദ്ദേശിച്ചു. മഴക്കാലപൂർവ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേമ്പറിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദ്ദേശം.

കരുമാല്ലൂർ പഞ്ചായത്തിൽ തകർന്ന റോഡുകൾ എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ജലജീവൻ മിഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ചൂണ്ടി – രാമമംഗലം റോഡ് എത്രയും വേഗം ടാർ ചെയ്യാനുള്ള നടപടി പൂർത്തിയാക്കാനും നിർദ്ദേശിച്ചു.

മെട്രോ സ്റ്റേഷനുകളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നിർദ്ദേശം നൽകി. ഇടപ്പള്ളി, അമ്പാട്ടുകാവ് ഉൾപ്പടെയുള്ള ഭാഗങ്ങളിൽ ചെറിയ മഴയിൽ പോലും വെള്ളക്കെട്ടുണ്ടാകുന്നുണ്ട്. കളമശ്ശേരി കണ്ടെയ്നർ റോഡ്, ഇടപ്പള്ളി- മൂവാറ്റുപുഴ റോഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കണം. ടോൾ ജംഗ്ഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കാനകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് വെള്ളക്കെട്ട് ഒഴിവാക്കും.

റോഡുകളിലെ മാലിന്യം എല്ലാം ദിവസവും നീക്കം ചെയ്യണം. ഹോട്ടലുകൾ, റസ്റ്ററന്റുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് സൗകര്യം ഒരുക്കണം. മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണം. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ സഹിതം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കും. ഇതിനായി പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കണം. നഗരങ്ങളിലെ പാറമടകൾ കേന്ദ്രീകരിച്ചുള്ള മാലിന്യ നിക്ഷേപങ്ങൾ തടയുന്നതിന് പ്രത്യേകം ശ്രദ്ധ നൽകണം.

കണ്ടെയ്നർ റോഡ്, സീപോർട്ട് – എയർപോർട്ട് റോഡ് എന്നിവിടങ്ങളിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാനും വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതിന് പ്രത്യേകം സ്ഥലങ്ങൾ കണ്ടെത്താനും നടപടി സ്വീകരിക്കണം.

യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ, റവന്യു, പോലീസ്, കെ.എം.ആർ.എൽ, ജലവിഭവ വകുപ്പ്, എൻ.എച്ച്.എ.ഐ., പൊതുമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.