കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(എം.സി.എ) പ്രവേശനത്തിന് 2023 മേയ് 10 മുതൽ മേയ് 31 വരെ അപേക്ഷിക്കാം. അപേക്ഷാ യോഗ്യത ബി.സി.എ/കമ്പ്യൂട്ടർ സയൻസ്സിലോ ഐ.റ്റി. യിലോ നേടിയ ബി.എസ്സ്.സി./ബി.ഇ. /ബി.ടെക്  എഞ്ചിനിയറിംഗ് ബിരുദം അഥവാ തത്തുല്യ യോഗ്യത അല്ലെങ്കിൽ ബി.എ./ ബി.എസ്സ്.സി./ ബി.കോം./ ബി.ഇ./ ബി.ടെക്/ബി.വോക്ക് ഏതെങ്കിലും വിഷയത്തിൽ  ബിരുദം.

മാത്തമാറ്റിക്‌സ് ഒരു വിഷയമായി 10+2 തലത്തിലോ അഥവാ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്‌സ് പഠിക്കാത്തവർ യൂണിവേഴ്‌സിറ്റി/കോളേജ് തലത്തിൽ നിർദ്ദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്‌സിൽ യോഗ്യത നേടേണ്ടതായിവരും. യോഗ്യതാ പരീക്ഷ 50% മാർക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാരും ഭിന്നശേഷിക്കാർക്കും ആകെ 45% മാർക്ക് നേടിയാൽ മതിയാകും. അപേക്ഷാഫീസ് പൊതു വിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽക്കൂടി ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 2023 മേയ് 31 വരെ അപേക്ഷാഫീസ് ഒടുക്കാവുന്നതാണ്.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ  പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് എൽ.ബി.എസ് സെന്റർ ഡയറക്ടർ പിന്നീട് പ്രഖ്യാപിക്കുന്ന തീയതിയിൽ നടത്തുന്ന പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന റാങ്കിന്റെ  അടിസ്ഥാനത്തിൽ ആണ് ഈ കോഴ്‌സിലേയ്ക്കുള്ള പ്രവേശനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.