* ജില്ലയില്‍ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കണം

അമ്പവലവയല്‍ പ്രാദേശിക കാര്‍ഷികഗവേഷണകേന്ദ്രത്തില്‍ തുടങ്ങിയ പച്ചക്കറി-പുഷ്പ കൃഷി മികവിന്റെ കേന്ദ്രം വയനാടന്‍ കാര്‍ഷിക മേഖലയ്ക്ക് ഗുണകരമായ മാറ്റം വരുത്തുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. അമ്പവലവയലില്‍ പച്ചക്കറി-പുഷ്പ കൃഷിയുടെ മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ആവശ്യമായ ഗുണമേന്മയുള്ള പച്ചക്കറി, പുഷ്പ തൈകള്‍ ഉത്പാദിപ്പിക്കാന്‍ ഈ കേന്ദ്രത്തിലൂടെ കഴിയും. കര്‍ഷകര്‍ക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും, വിപണനത്തിനും, കൃഷിയുമായി ബന്ധപ്പെട്ടുളള പരിശീലനത്തിനമുള്ള സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട്ടില്‍ പുഷ്പകൃഷി വ്യാപിപ്പിക്കുന്നതിന് അനുയോജ്യമായ സാഹചര്യമൊരുക്കും. കൃഷിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍, വിപണനം, ഇതര വിഷയങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ഈ മാസം അടിയന്തരമായി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ ബഹുവിള കൃഷിരീതികള്‍ പിന്തുടരണം. പുതിയ വിള പ്ലാനുകളും കൃഷി ഇടങ്ങളും അടിസ്ഥാനമാക്കിയുള്ള കൃഷി രീതികള്‍ അവംലബിക്കണം. മെച്ചപ്പെട്ട കൃഷിരീതികള്‍ പഠിക്കാനും മനസിലാക്കാനും തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് അവസരമൊരുക്കും. ജില്ലയിലെ വാഴ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിപണി വില സംബന്ധിച്ച് പ്രശ്നം പരിഹരിക്കുന്നതിന് നടപടിയെടുക്കും. ചെറുധാന്യ കൃഷി വയനാടിന് അനുയോജ്യമാണ്. ചെറുധാന്യ കൃഷി വ്യാപക മാക്കുന്നതിനുളള ഇടപെടല്‍ നടത്തണം. വയനാടന്‍ ചെറുധാന്യങ്ങള്‍ വലിയതോതില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടാനുളള സാധ്യത കര്‍ഷകര്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി, പഴവര്‍ഗങ്ങളുടെ സ്വയം പര്യാപ്തത കൈവരിക്കാന്‍ കൂട്ടായ പരിശ്രമം വേണം. വയനാടിന്റെ ഉത്പന്നങ്ങളെ നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കണമെന്നും മന്ത്രി അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലെ കോമണ്‍ ഫെസിലിറ്റി സെന്റര്‍, ഡച്ച് പോളീഹൗസുകള്‍, ഇന്ത്യന്‍ പോളീഹൗസുകള്‍, തൈ ഉത്പാദനയൂണിറ്റ്, ഫെര്‍ട്ടിഗേഷന്‍ യൂണിറ്റ്, സംസ്‌കരണകേന്ദ്രം, ഷേഡ് നെറ്റ് ഹൗസ്, ലേലം കേന്ദ്രം, പരിശീലനകേന്ദ്രം എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ പുരസ്‌ക്കാര ജേതാവ് ചെറുവയല്‍ രാമന്‍, രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌ക്കാരം നേടിയ അജി തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ബി.അശോക്, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ എല്‍.ആര്‍ ആരതി, നെതര്‍ലാന്റ്‌സ് എംബസി അറ്റാഷെ റിക്ക് നോബല്‍, കൃഷി ഡയറക്ടര്‍ കെ.എസ് അഞ്ജു, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, ആര്‍.എ.ആര്‍.എസ് അസോസിയേറ്റ് റിസര്‍ച്ച് ഡയറക്ടര്‍ കെ.അജിത്ത് കുമാര്‍, തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.