ഓൺലൈൻ സേവനങ്ങളിലടക്കം പുതിയ തൊഴിൽ മേഖലകളിലെ തൊഴിലാളികളുമായി സഹകരിക്കാൻ സഹകരണമേഖലക്ക് കഴിയണമെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഗിഗ്/പ്ലാറ്റ് ഫോം വർക്കർമാരുടെ ക്ഷേമത്തിനായുള്ള പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ആശ്രയമെന്ന നിലയിൽ സഹകരണ സംഘങ്ങൾ മാറണം. ഓൺലൈൻ പ്ലാറ്റ് ഫോമിൽ പ്രവർത്തിക്കുന്നവർക്കും കടയിലും വാണിജ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികൾ എന്നിവരുടെ ക്ഷേമത്തിനായി കേരള സ്റ്റേറ്റ് ഷോപ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആൻഡ് ഗിഗ് വർക്കേഴ്‌സ് വെൽഫയർ സഹകരണ സംഘം ആരംഭിക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമവും സാമ്പത്തിക സുരക്ഷിതത്വത്തിനുമാണ് സംഘം നിലവിൽ വരുന്നത്. സംസ്ഥാന ഗവൺമെന്റിന്റെ എല്ലാ പിൻതുണയും ഈ സംരഭത്തിനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തൊഴിലാളികളുടെ അംഗത്വ കാർഡ് വിതരണവും മന്ത്രി നിർവഹിച്ചു.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ സംഘം രജിസ്ട്രാർ ടി വി സുഭാഷ് സ്വാഗതമാശംസിച്ചു. കൗൺസിലർ രാഖി രവികുമാർ, സഹകരണ സംഘം ചെയർമാൻ പി സജി, കെ രാജഗോപാൽ, കെ പി അനിൽ കുമാർ, കെ എസ് സുനിൽകുമാർ എന്നിവർ സംബന്ധിച്ചു.