സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് വയനാടിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി നഗരസഭകകളില്‍ ഖരമാലിന്യ പരിപാലനത്തിന് സമഗ്രമായ രൂപരേഖ തയ്യാറാക്കുന്നതിനായി സ്റ്റെയ്ക്ക് ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷന്‍ യോഗം ചേര്‍ന്നു. നഗരസഭകളില്‍ അടുത്ത 25 വര്‍ഷത്തേക്ക് ഖരമാലിന്യപരിപാലനത്തിന് ആവശ്യമായ സമഗ്രമായ രൂപരേഖ തയ്യാറാക്കുന്നതിന്റെ മുന്നോടിയായാണ് യോഗം ചേര്‍ന്നത്. ഖരമാലിന്യ സംസ്‌ക്കരണത്തിലെ നൂതന മാര്‍ഗ്ഗങ്ങള്‍, ഗാര്‍ഹിക മാലിന്യസംസ്‌കരണം, ഖരമാലിന്യ സംസ്‌കരണത്തില്‍ നിലവിലെ സ്ഥിതിയും യോഗം വിലയിരുത്തി. പൊതുജനാഭിപ്രായരൂപീകരണത്തിനായുള്ള ചര്‍ച്ചയും നടത്തി. നഗരത്തിലെ മാലിന്യ പരിപാലന സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കുന്നതിതിന്റെയും ഭാഗമായാണ് ഖരമാലിന്യ പരിപാലന രൂപരേഖ (എസ്.ഡബ്ല്യു.എം പ്ലാന്‍) തയ്യാറാക്കുന്നത്.

കല്‍പ്പറ്റ നഗരസഭയില്‍ നടന്ന യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ. അജിത, നഗരസഭ സെക്രട്ടറി അലി അസ്ഹര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അഡ്വ. ടി.ജെ ഐസക്, സി.കെ ശിവരാമന്‍, ജൈന ജോയ്, കെ.എസ്. ഡബ്ല്യു.എം.പി ഉദ്യോഗസ്ഥരായ അസ്ഹര്‍ അസീസ്, ഡോ. കെ.വി സൂരജ്, സി.കെ രാജശ്രീ, തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ ജനപ്രതിനിധികള്‍, ജില്ലാ ടൗണ്‍പ്ലാനിംഗ് ഓഫീസ് പ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ്, ക്ലീന്‍ സിറ്റി മാനേജര്‍ എം. സജി, പ്രോജക്ട് ഉദ്യോഗസ്ഥരായ അസ്ഹര്‍ അസീസ്, ഡോ. കെ.വി സൂരജ്, സി.കെ രാജശ്രീ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ ജനപ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍, വ്യാപാരിവ്യവസായി പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.