കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജിത പങ്കാളിത്തവുമായി കോളേജ്‌ വിദ്യാര്‍ത്ഥികളും. രണ്ട് ദിവസങ്ങളിലായി നടന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കോളേജ്‌ വിദ്യാര്‍ത്ഥികളും സന്നദ്ധപ്രവര്‍ത്തകരും പങ്കാളികളായി. ആദ്യദിനം കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ചില്‍ ഉള്‍പ്പെട്ട എരട്ടയാല്‍ ബസ് സ്റ്റോപ്പ് മുതല്‍ പോളിടെക്‌നിക്ക് ബസ് സ്റ്റോപ്പ് വരെ പ്രൈം കോളെജ് ഓഫ് ഫാര്‍മസിയിലെ എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ ഐശ്വര്യയുടെ നേതൃത്വത്തിലുള്ള 20 വിദ്യാര്‍ത്ഥികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് ഉദ്ഘാടനം ചെയ്തു.

രണ്ടാംദിനം വാര്‍ഡ് രണ്ടില്‍ ഉള്‍പ്പെട്ട കൂട്ടുപാത ജങ്ഷന്‍ ശ്മശാനം, കൂട്ടുപാത ജങ്ഷന്‍ മുതല്‍ പോളിടെക്‌നിക്ക് കോളേജ്‌ വരെയുള്ള റോഡിന്റെ വശത്തുള്ള മാലിന്യങ്ങള്‍ വാര്‍ഡ് മെമ്പര്‍ എം.എ പ്രവീണയുടെ നേതൃത്വത്തില്‍ ഗവ. പോളിടെക്‌നിക് കോളേജിലെ രണ്ട് അധ്യാപകരും 35 വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നീക്കം ചെയ്തു. ഹരിതകര്‍മ്മസേനാംഗങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.