സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മേയ് 18 മുതല്‍ 24 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ നടത്തുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഇന്‍സ്റ്റഗ്രാം റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. ‘ആടാം പാടാം’ എന്നതാണ് വിഷയം.

ഗ്രൂപ്പുകളായോ വ്യക്തിഗതമായോ 30 മുതല്‍ 60 സെക്കന്റ് വരെ ദൈര്‍ഘ്യത്തില്‍ പാട്ട് പാടിയും ഡാന്‍സ് അവതരിപ്പിച്ചുമുള്ള രസകരമായ റീല്‍സുകള്‍ തയ്യാറാക്കി സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി അപ്ലോഡ് ചെയ്ത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ kollamprd എന്ന ഇന്‍സ്റ്റഗ്രാം പേജിലേക്ക് ടാഗ് ചെയ്യണം. #kollamprd, #entekeralam2023, #kollammela എന്നീ ഹാഷ് ടാഗുകളും ഉപയോഗിക്കണം.

മെയ് 20 വരെ മത്സരത്തില്‍ പങ്കെടുക്കാം. മികച്ച റീല്‍സുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 3000, 2000, 1000 രൂപ വീതവും, പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും.