സേവനങ്ങളില്‍ ജനങ്ങള്‍ക്ക് സംതൃപ്തി ഉണ്ടാകുകയെന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ പത്തനാപുരം താലൂക്ക്തല അദാലത്ത് ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 

സര്‍ക്കാര്‍ സംവിധാനവുമായി ബന്ധപെട്ട ജനങ്ങളുടെ പരാതികള്‍ അതിവേഗം പരിഹരിക്കപ്പെടുന്നതിനാണ് മന്ത്രിമാര്‍ നേരിട്ട് അദാലത്തുകള്‍ നടത്തുന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രശ്നങ്ങളാണ് ഇതി വഴി പരിഹരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. ജനങ്ങളുടെ പരാതികള്‍ കാര്യക്ഷമമായി പരിഹരിക്കുന്നതില്‍ അദാലത്തുകള്‍ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക തടസങ്ങള്‍ കാരണം പരിഹാരം നീണ്ടുപോയ നിരവധി പരാതികളാണ് അദാലത്തുകളില്‍ തീര്‍പ്പാക്കപ്പെടുന്നത്. ഇതിന് തുടര്‍ച്ചയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അദാലത്തില്‍ 274 പരാതികളാണ് ഓണ്‍ലൈനായി ലഭിച്ചത്. ഇതില്‍ 181 എണ്ണം തീര്‍പ്പാക്കി. നേരിട്ട് 136 പരാതികള്‍ ലഭിച്ചു. ഇതില്‍ 10 ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് എട്ട് പരാതികള്‍ക്ക് അനുകൂല നടപടിയുണ്ടായി.

 

ബി പി എല്‍ വിഭാഗത്തില്‍ അനുവദിച്ച റേഷന്‍ കാര്‍ഡുകള്‍, ഫെയര്‍ വാല്യൂ, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും അദാലത്തില്‍ വിതരണം ചെയ്തു. ഓരോ വകുപ്പിനും പ്രത്യേക കൗണ്ടറുകള്‍, പരാതി തയാറാക്കാനുള്ള സഹായം, അഗ്നിശമന സേന ഉള്‍പ്പെടുന്ന സുരക്ഷ, ലഘുഭക്ഷണം എന്നിവയും തയാറാക്കിയിരുന്നു. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ഡെപ്യൂട്ടി കലക്ടര്‍ എഫ് റോയ്കുമാര്‍, എ ഡി എം ആര്‍ ബീനാറാണി, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.