സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ് 12 മുതൽ കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള ആഘോഷമാക്കാൻ ദിവസേന സംഘടിപ്പിക്കുന്നത് വ്യത്യസ്ത കലാ- സാംസ്ക്കാരിക പരിപാടികൾ. ബീച്ചിൽ പ്രത്യേകമായി ഒരുക്കിയ സ്ഥലത്താണ് പരിപാടികൾ നടക്കുന്നത്.

ഉദ്ഘാടന ദിവസമായ മെയ് 12 വൈകീട്ട് അഞ്ച് മണിക്ക് മാനാഞ്ചിറയിൽ നിന്നും ആരംഭിച്ച് ബീച്ചിൽ അവസാനിക്കുന്ന വിപുലമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാകും. ആറ് മണിക്ക് താലൂക്കുകൾ സംഘടിപ്പിക്കുന്ന ചെണ്ടമേളവും തുടർന്ന് എഴ് മണിക്ക് തൈക്കുടം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോയും വേദിയിൽ അരങ്ങേറും.

മെയ് 13ന് ഏഴ് മണിക്ക് ഗൗരിലക്ഷ്മി അവതരിപ്പിക്കുന്ന മ്യൂസിക് ഷോ, 14ന് ഏഴ് മണിക്ക് അതുൽ നറുകര ആൻഡ് ടീം അവതരിപ്പിക്കുന്ന കോളേജ് ഡേ തുടങ്ങിയ പരിപാടികളും അരങ്ങേറും.

മെയ് 15ന് ഏഴ് മണിക്ക് കൈതപ്രം ദാമോദരൻ, യാസിൻ നിസാർ, അരിസ്റ്റോ സുരേഷ്, സോണിയ ആമോദ്, റഹ്മാൻ, സി.ജെ കുട്ടപ്പൻ, നിമിഷ സലിം, കെ.വി അബൂട്ടി, വണ്ടൂർ ജലീൽ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ഓൾ ജനറേഷൻ ട്യൂൺസ് മ്യൂസിക് ഷോ നടക്കും.

16ന് ആറ് മണിക്ക് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഗാനമേള “മൽഹാർ”, ജിംനാസ്റ്റിക് ഷോ, ഏഴ് മണിക്ക് ആശാ ശരത്ത് ആൻഡ് ടീം അവതരിപ്പിക്കുന്ന നൃത്ത പരിപാടി എന്നിവയും അരങ്ങേറും. 17ന് ഏഴ് മണിക്ക് യുമ്‌ന അജിൻ സംഗീത പരിപാടി അവതരിപ്പിക്കും.
സമാപന ദിവസമായ 18ന് 7 മണിക്ക് ഡോ. ഉമയാൾപുരം കെ. ശിവരാമൻ നയിക്കുന്ന ജ്വാല മ്യൂസിക് ഫ്യൂഷനിൽ മട്ടന്നൂർ ശങ്കരൻകുട്ടി, ആറ്റുകാൽ ബാലസുബ്രഹ്മണ്യം, തൃപ്പൂണ്ണിത്തറ രാധാകൃഷ്ണൻ, ഫ്രിജോ ഫ്രാൻസിസ് എന്നിവർ കൂടി ഭാഗമാകും.

കലാപരിപാടികളിലേക്കും എന്റെ കേരളം പ്രദർശന വിപണന മേളയിലേക്കും പ്രവേശനം സൗജന്യമാണ്.