ജില്ലയിൽ മെയ് 14 മുതൽ തീര സദസ്സുകൾക്ക് തുടക്കമാവും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് തീരദേശ ജനതയുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്.
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ജില്ലയിലെ ആറ് മണ്ഡലങ്ങളിൽ മെയ് 14 മുതൽ മെയ് 20 വരെയാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്. നാലു മണിക്കൂറാണ് തീര സദസ്സിന്റെ സമയം. ആദ്യത്തെ ഒന്നര മണിക്കൂർ ജനപ്രതിനിധികളുടെ പ്രത്യേക യോഗം ചേരും. പ്രാദേശികമായ വിഷയങ്ങൾ, വികസന പ്രവർത്തനങ്ങൾ, വികസന സാധ്യതകൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്യും. തുടർന്നുള്ള മൂന്ന് മണിക്കൂർ മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാരവുമാണ് നടത്തുക.
മെയ് 14 ന് ബേപ്പൂരിൽ ആരംഭിക്കുന്ന തീരസദസ്സ് തുടർന്നുള്ള ദിവസങ്ങളിൽ കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, എലത്തൂർ, കൊയിലാണ്ടി, വടകര മണ്ഡലങ്ങളിലും സംഘടിപ്പിക്കപ്പെടും. മെയ് 14 ന് വൈകുന്നേരം 4.30 മുതൽ ബേപ്പൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, മെയ് 15 ന് രാവിലെ 11 മണി മുതൽ ഭട്ട് റോഡ് സമുദ്ര ഓഡിറ്റോറിയം, അന്നേ ദിവസം വൈകുന്നേരം 4.30 മുതൽ പയ്യാനക്കൽ ഹയർ സെക്കൻഡറി സ്ക്കൂൾ എന്നിവിടങ്ങളിൽ തീരസദസ്സ് നടക്കും. മെയ് 16 ന് രാവിലെ 11 മണി മുതൽ പുതിയാപ്പ ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ, മെയ് 17 ന് രാവിലെ 11 മണി മുതൽ സൂരജ് ഓഡിറ്റോറിയം കൊയിലാണ്ടി, മെയ് 20 ന് രാവിലെ 11 മണി മുതൽ വടകര ടൗൺഹാൾ എന്നിവിടങ്ങളിലാണ് തീരസദസ്സ് നടക്കുക.