എരിമയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തല സമ്പൂര്‍ണ ശുചിത്വ യജ്ഞം സംഘടിപ്പിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധസേനാ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് ശുചിത്വ യജ്ഞം നടന്നത്. എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ മാലിന്യം തള്ളല്‍ കൂടുതലുള്ള ഹൈവേയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ശുചീകരിച്ചത്. തുടര്‍ന്ന് വൃത്തിയാക്കിയ പ്രദേശത്ത് പൂച്ചെടികള്‍ നട്ട് പിടിപ്പിച്ചു.
ശുചീകരണ യജ്ഞം എരിമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശിവകുമാര്‍ അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. അന്‍ഷിഫ്, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി. കുട്ടികൃഷ്ണന്‍, വാര്‍ഡംഗം സുരേഷ്, സെക്രട്ടറി കെ. ദിനേശ്, വി.ഇ.ഒ. കെ.വി കവിത എന്നിവര്‍ സംസാരിച്ചു.