കോഴിക്കോടിന് ഇനി ഏഴു ഉത്സവനാളുകൾ. സർക്കാരിന്റെ മുഴുവൻ വകുപ്പുകളെയും സേവനങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളക്ക് മെയ് 12 തുടക്കമാവും. വർണാഭമായ ഘോഷയാത്രയോടെ ആരംഭിക്കുന്ന മേള വ്യത്യസ്തമായ കാഴ്ചാനുഭവങ്ങളാണ് കോഴിക്കോടിന് സമ്മാനിക്കുക. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം. സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കാനും അവർക്ക് മികച്ച സേവനം നൽകാനും കഴിയുന്ന സ്റ്റാളുകളാണ് മുഴുവൻ വകുപ്പുകളും ഒരുക്കുന്നത്.
യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള സംഘടിപ്പിക്കുന്നത്. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കൈവരിച്ച മികവും നേട്ടങ്ങളും എന്റെ കേരളം പ്രദർശന വിപണന മേളയിലുടെ ജനങ്ങൾക്ക് അടുത്തറിയാൻ സാധിക്കും. 69 വകുപ്പുകളുടെതായി 190- ഓളം സ്റ്റാളുകളം ഒരുങ്ങുന്നുണ്ട്. തീം വിഭാഗത്തിലും യൂത്ത് സെഗ്മെന്റ്, തൊഴിൽ വിദ്യാഭ്യാസ വിഭാഗത്തിലും കമേഴ്സ്യൽ വിഭാഗത്തിലുമാണ് സ്റ്റാളുകൾ. ശീതീകരിച്ച തീം കമേഴ്സ്യൽ സ്റ്റാളുകൾ, ഫുഡ് കോർട്ട് എന്നിവ മേളയുടെ പ്രധാന ആകർഷണമാകും.
ബീച്ചിൽ ഓപ്പൺ സ്റ്റേജിലും ഫ്രീഡം സ്ക്വയറിലുമായി കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും. ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും സാംസ്കാരിക പരിപാടികളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.