സഹകരണമേഖല വിപുലവും വിശാലവുമായ അതിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന വിധം പ്രവര്‍ത്തനങ്ങള്‍ സമാരംഭിച്ചിരിക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയിലുള്‍പ്പെടുത്തി സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയര്‍ ഹോം രണ്ടാം ഘട്ടം തറക്കല്ലിടല്‍, കുടുംബത്തിന് ഒരു കരുതല്‍ ധനം നിക്ഷേപം സ്വീകരിക്കല്‍, പുനര്‍ജനി ധനസഹായ വിതരണം എന്നിവ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെയര്‍ഹോം പദ്ധതിയിലൂടെ 2092 വീടുകളാണ് പ്രളയകാലത്ത് നിര്‍മിച്ച് നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ പാലക്കാട് ജില്ലയിലെ കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ കണ്ണാടി രണ്ട് വില്ലേജില്‍ 4.85 കോടി രൂപ ചെലവില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കുറഞ്ഞത് 25,000 രൂപ അല്ലെങ്കില്‍ ഏറ്റവും ഉയര്‍ന്നത് മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കുന്ന 36 മാസം കൊണ്ട് അവസാനിക്കുന്ന  പദ്ധതിയാണ് കുടുംബത്തിന് ഒരു കരുതല്‍ ധനം. ഉയര്‍ന്ന പലിശ നല്‍കുമെന്നതാണ് സവിശേഷത. ഒന്‍പത് ശതമാനം പലിശയും ഇന്ന് സംസ്ഥാനത്ത് മറ്റൊരു മേഖലയിലും കിട്ടാത്ത രൂപത്തിലുള്ള കൂട്ടുപലിശയും ഉറപ്പാക്കാന്‍ കഴിയുമെന്നതും ഈ പദ്ധതിയുടെ സവിശേഷതയാണ്.

പദ്ധതിയില്‍ ചേരുന്നവര്‍ക്ക് പ്രളയക്കെടുതിയോ കോവിഡ് പോലുള്ള മഹാമാരിയോ അല്ലെങ്കില്‍ മരണമോ വിവാഹമോ വീട്ടുചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളോ പ്രശ്നങ്ങളോ വരുമ്പോള്‍ അപേക്ഷ അതിന്റെ മുന്‍ഗണനാ ക്രമത്തില്‍ പരിശോധിച്ച് 90 ശതമാനം അടിയന്തിരമായി അവര്‍ക്ക് തിരിച്ച് നല്‍കുമെന്നും അതോടൊപ്പം തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷയും ആനുകൂല്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്.സി, എസ്.ടി സഹകരണ സംഘങ്ങളെ പുനരുദ്ധരിച്ച് വിവിധ തലങ്ങളില്‍ തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കി അവരുടെ സാമൂഹ്യവും സാംസ്‌കാരികവുമായ ഉയര്‍ച്ച ഉറപ്പാക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള വൈവിധ്യങ്ങളായ പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുകയെന്ന ലക്ഷ്യമാണ് പുനര്‍ജനി പദ്ധതികള്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു. മുണ്ടൂര്‍ എ.ആര്‍.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായി. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, മുണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. സജിത, പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ജയപ്രകാശ്, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം നസീമ അന്‍വര്‍, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഷീബ കണ്ണന്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.