മാലിന്യത്തിനെതിരെ ഗോളടിച്ച് വ്യത്യസ്തമായ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച് കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. മാലിന്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ് ഗോള്‍ കിക്ക് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. 100-ഓളം സ്ത്രീകളാണ് ഗോളടിക്കാന്‍ എത്തിയത്. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് മാലിന്യത്തിനെതിരെ സംഘടിപ്പിച്ച ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മാലിന്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് എല്ലാ വിഭാഗം ജനങ്ങളിലേക്കും ബോധവത്ക്കരണം നടത്താനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് കെ. സത്യപാല്‍ പറഞ്ഞു.

പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. സുലോചന അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ രാധാ പഴണിമല, പി.സി. ഉണ്ണികൃഷ്ണന്‍, എം. കൃഷ്ണകുമാരി, വാര്‍ഡ് അംഗങ്ങളായ കെ. ഗുരുവായൂരപ്പന്‍, ടി.എന്‍. രമേശ്, പി.കെ. ജയന്‍, കെ. സൗദാമിനി, ഷക്കീല അലി അക്ബര്‍, എ. പ്രിയദര്‍ശന്‍, കെ. ഷണ്‍മുഖന്‍, വി. ബുഷ്‌റ, കെ.സി. പ്രേമലത എന്നിവര്‍ പങ്കെടുത്തു.