ലഹരിയുടെ കൈകളിലേക്ക് യുവതലമുറ വീഴുന്നത് പ്രതിരോധിക്കാൻ ബോധവത്ക്കരണം നടത്തുകയാണ്‌ എക്‌സൈസ് വകുപ്പ്. പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് ‘എന്റെ കേരളം’ മെഗാ പ്രദർശന മേളയിലാണ് വിമുക്തിയുടെ നേതൃത്വത്തില്‍ പരിപാടി നടത്തുന്നത്. യുവതലമുറ ലഹരിയിലേക്കെത്തുന്നത് ഒഴിവാക്കാൻ കായിക വിനോദങ്ങളിലേക്ക് ശ്രദ്ധയെത്തിക്കാൻ ആവശ്യമായ ബോധവത്ക്കരണമാണ് വിമുക്തി നടത്തുന്നത്. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ജീവിതത്തിലും ശരീരത്തിലും ഉണ്ടാക്കുന്ന ആഘാതങ്ങളെയും ഭവിഷ്യത്തുകളെയും നേരിട്ട് അറിയാൻ സ്റ്റാളിൽ സജ്ജീകരിച്ചിരിക്കുന്ന മാതൃകകളിലൂടെ സന്ദർശകർക്ക് സാധിക്കുന്നു. പ്രദർശന വേദിയിലെ വിമുക്തി സ്റ്റാളിൽ വിവിധ ഗെയിമുകളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. അമ്പെയ്ത്ത്, ബാസ്‌കറ്റ് ബോൾ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാം.
ലഹരി വിരുദ്ധ ബോധവത്കരണ പോസ്റ്ററുകളും, സ്റ്റാളിൽ എത്തുന്ന സന്ദർശകർക്ക് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് നേരിട്ട് അറിവ് പകരുന്നതിനൊപ്പം ലഹരി വിരുദ്ധ കൈ രേഖകളും ഇവിടെ ഇതിനോടപ്പം നൽകുന്നുണ്ട്.