സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കൊടുമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും എല്ലാ മേഖലകളിലും ഭിന്നശേഷി സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുക, സ്വയംതൊഴിലിന് പരിശീലനം നല്‍കുക, സ്വയംതൊഴില്‍ വായ്പ അനുവദിക്കുക എന്നിങ്ങനെ ഭിന്നശേഷി സമൂഹത്തിന്റെ സമഗ്ര പുരോഗതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ വിവിധ സംവിധാനങ്ങളായ വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, സാമൂഹ്യനീതി ഡയറക്ടറേറ്റ്, നിഷ് തുടങ്ങിയവ വഴി ചെയ്തു വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശുഭയാത്ര പദ്ധതി പ്രകാരം ഒറ്റപ്പാലം സ്വദേശിനിയായ രോഹിണിക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കി. ശ്രവണ്‍ പദ്ധതി പ്രകാരം 80 ഓളം കുട്ടികള്‍ക്ക് ശ്രവണ സഹായികളുടെ വിതരണവും ഹസ്തദാനം പദ്ധതി പ്രകാരം മുപ്പതോളം കുട്ടികള്‍ക്ക് ഇരുപതിനായിരം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും ഒന്‍പത് പേര്‍ക്ക് മറ്റു സഹായ ഉപകരണങ്ങളുടെ വിതരണവും നടത്തി. 30 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
പരിപാടിയില്‍ എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായി. കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ്, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ എം.വി. ജയഡാളി, ജില്ലാ സാമൂഹിക നീതി സീനിയര്‍ സൂപ്രണ്ട് പ്രകാശ്, കെ.എസ്.എസ്.എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മൂസ പതിയില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.