നാരായണപുരം ചന്തയിലെ ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തനക്ഷമമാക്കാനും പരിസരത്ത് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാനും പ്രദേശത്തെ ചവറുകൂനകള്‍ അടിയന്തരമായി നീക്കംചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാനും കോന്നി പഞ്ചായത്ത് സെക്രട്ടറിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഉത്തരവ്. കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്തില്‍ കോന്നി മങ്ങാരം സ്വദേശി പി.എന്‍ ഹരികൃഷ്ണന്റെ പരാതി പരിഗണിക്കവേയാണ് ആരോഗ്യമന്ത്രിയുടെ നടപടി.
കോന്നി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള നാരായണപുരം ചന്തയില്‍ പ്രവര്‍ത്തിക്കുന്ന എംസിഎഫിന് സമീപം മാലിന്യകൂമ്പാരം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ശുചിമുറികള്‍ പ്രവര്‍ത്തനരഹിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരികൃഷ്ണന്‍ അദാലത്തില്‍ പരാതി നല്‍കാനെത്തിയത്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന ഈ സ്ഥലത്തു ചവറുകൂന എന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ മാലിന്യക്കൂമ്പാരമാക്കിയതോടെയാണ് ദുര്‍ഗന്ധവും മാലിന്യവും കാരണം പ്രദേശവാസികള്‍ പൊറുതിമുട്ടിയത്. സമീപമുള്ള ശുചിമുറികളും ഏറെ നാളുകളായി പ്രവര്‍ത്തനരഹിതമായി കിടക്കുകയാണെന്നും ചന്തയിലുള്ള കച്ചവടക്കാരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.
തല്‍സ്ഥിതി മനസിലാക്കിയ ആരോഗ്യമന്ത്രി അടിയന്തിര നടപടിക്ക് ഉത്തരവിടുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ രണ്ട് ഉത്തരവുകളും നടപ്പിലാക്കി എഡിപി പരിശോധിച്ച് നടപ്പിലാക്കിയെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി.